തുടര്‍ച്ചയായ പത്താം നാളിലും ജില്ലയില്‍ ലഹരി വേട്ട: എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍

0
241

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള പൊലീസ് പരിശോധനയില്‍ തുടര്‍ച്ചയായ പത്താം നാളിലും ലഹരിക്കടത്ത് പിടികൂടി.

ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളാണ് ഇന്നലെ രാത്രി പട്‌ളക്ക് സമീപം കുതിരപ്പാടിയില്‍ വെച്ച് പിടിയിലായത്. ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ റഹീസ് മന്‍സിലിലെ അഹമദ് നിയാസ്.കെ (38), പത്തനംതിട്ട കോന്നിയിലെ ഐരാവന്‍ വില്ലേജില്‍ മുളന്തറയിലെ ഇജാസ് അസീസ് (25) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജ്, സി.ഐ അനൂപ്, എസ്.ഐ കെ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റോജന്‍, ഗണേഷ് കുമാര്‍, നാരായണന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ടായ്ച്ചക്കിടെ 20ലേറെ പേരാണ് ജില്ലയുടെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, എം.ഡി.എം.എ, ബ്രൗണ്‍ ഷുഗര്‍ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത്.

ജില്ലാ പൊലീസിന്റെ ക്ലീന്‍ കാസര്‍കോട് പദ്ധതി ജനങ്ങളുടെ പ്രശംസക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ എം.ഡി.എം.എയുമായി സഹോദരങ്ങളടക്കം മൂന്ന് പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച്ച എം.ഡി.എം.എയുമായി രണ്ട് പേര്‍ മഞ്ചേശ്വരത്തും മൂന്ന് പേര്‍ ഉദുമയിലും പിടിയിലായിരുന്നു. സ്‌കൂട്ടറില്‍ എം.ഡി.എം.എ കടത്തുകയായിരുന്ന രണ്ട് യുവാക്കളെ മഞ്ചേശ്വരം പൊലീസും ബ്രൗണ്‍ ഷുഗറുമായി കുഞ്ചാര്‍ സ്വദേശിയെ ബദിയടുക്ക പൊലീസും പിടികൂടിയത് നാല് ദിവസം മുമ്പാണ്. ബ്രൗണ്‍ ഷുഗറുമായി നീലേശ്വരത്ത് മൂന്ന് യുവാക്കളും രണ്ട് കിലോ കഞ്ചാവുമായി ബേക്കലില്‍ ഒരു യുവാവും ബ്രൗണ്‍ ഷുഗറുമായി നിരവധി കേസുകളിലെ പ്രതിയും പിടിയിലായത് ഈ ആഴ്ച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here