കണ്ണൂർ∙ ഇടത് ശക്തികേന്ദ്രമായ മട്ടന്നൂർ നഗരസഭയിൽ എൽഎഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും, സീറ്റെണ്ണം ഇരട്ടിയാക്കിയതിന്റെ ആവേശത്തിലാണ് യുഡിഎഫ്. സിപിഎമ്മിന്റെ കോട്ടയിൽ നേടിയ ഈ മുന്നേറ്റം സൈബർ ഇടങ്ങളിൽ കോൺഗ്രസുകാർ ആഘോഷിക്കുകയാണ്. അതിനിടെ, മുൻമന്ത്രി കെ.കെ. ശൈലജയുടെ വാർഡിൽ പോലും എൽഡിഎഫ് സ്ഥാനാർഥി തോറ്റു എന്ന പ്രചാരണത്തിനു മറുപടിയുമായി ശൈലജ നേരിട്ട് രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയാണു ശൈലയുടെ പ്രതികരണം.
‘‘മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എന്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണു പ്രചാരണം. എന്റെ വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർഥി കെ.രജത 661 വോട്ടാണ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത്. എൽഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്’ – ശൈലജ കുറിച്ചു.
35 വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 21 ഇടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ 14 ഇടങ്ങളിൽ യുഡിഎഫ് അട്ടിമറി വിജയം നേടി. എൽഡിഎഫിൽനിന്ന് എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. വേട്ടെണ്ണല്ലിന്റെ ആദ്യ ഘട്ടത്തിൽ മത്സരം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുമെന്ന് തോന്നിയെങ്കിലും അവസാന റൗണ്ടിൽ എൽഡിഎഫ് ലീഡ് നിലനിർത്തുകയായിരുന്നു.
35 വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് റൗണ്ടിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. 28ൽനിന്നാണ് എൽഡിഎഫിന്റെ സീറ്റ് 21ലേക്കു ചുരുങ്ങിയത്. ഏഴിൽനിന്ന് 14 ലേക്കുള്ള മാറ്റം യുഡിഎഫിനു രാഷ്ട്രീയ നേട്ടവുമായി.