ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കീഴ് വാഴ്പൂര് പൊലീസ്. 153 ബി. ഐ.പി.സി പ്രകാരമാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശ്യത്തോട് കൂടിയാണെന്ന് എഫ്‌ഐആറിലുണ്ട് .
എഴുമറ്റൂര്‍ സ്വദേശി അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയില്‍ ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പാകിസ്താന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ ടി ജലീല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതോടെ ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയത് എന്ന് ജലീല്‍ പറഞ്ഞു. അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നുമുളള പ്രതികരണവുമായി ജലീല്‍ രംഗത്തു വന്നിരുന്നു.
വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കളും ബിജെപിയും വിമര്‍ശനവുമായി രംഗത്തെത്തി. പിന്നീട് സിപിഐഎമ്മും അമര്‍ഷം അറിയിച്ചതോടെയാണ് ജലീല്‍ പരാമര്‍ശം പിന്‍വലിച്ചത്.