കോഴിക്കോട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട, കാസര്‍കോട് സ്വദേശി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

0
246

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌കോഡും കസബ പൊലീസും ചേർന്ന് പിടികൂടി. കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36 ) കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ അക്ബറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ എൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച നടത്തിയ പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ പൊലീസിന്റെ വലയിലാവുന്നത്.

ജില്ലയിൽ മയക്കുമരുന്നിനെതിരെ ശക്തമായ ഇടപെടലാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 300 ഗ്രാമോളം എംഡിഎംഎയും എക്സ്റ്റസി ടാബ്‌ലറ്റുകളും 170 ഓളം എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ പ്രജീഷ് എന്നിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈവശത്തുനിന്ന് കഞ്ചാവ് കണ്ടെടുത്തത്.

സംസ്ഥാനത്തിൻ്റെ പുറത്ത് നിന്ന് കഞ്ചാവ് എത്തിച്ച ശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ആവശ്യക്കാരായ വിദ്യാർത്ഥികളെ കണ്ടെത്തി ചില്ലറയായി കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവർ ചില്ലറ വിൽപ്പന നടത്തുന്നത്. ഇവരുടെ വലയിൽ പെട്ട വിദ്യാർഥികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് ദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചുവരികയും ജില്ലയിലെ രഹസ്യ കേന്ദ്രം കണ്ടെത്തി പിടികൂടുകയുമായിരുന്നു.

പിടിയിലായ അജിത് വർഗ്ഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന്, മോഷണം ഉൾപ്പടെ നിരവധി കേസുകൾ നിലവിൽ ഉണ്ട്. ഇതിൽ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞുവരവേ ആണ് ഇയാൾ പിടിയിലാകുന്നത്. കോഴിക്കോട് കസബ സബ് ഇൻസ്‌പെക്ടർ എസ് അഭിഷേകിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത് സീനിയർ സിപിഒ കെ അഖിലേഷ് സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ, ക്രൈം സ്കോഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ഷാഫി പറമ്പത്, അനൂജ് എ, സജേഷ് കുമാർ പി, കസബ സ്റ്റേഷനിലെ എസ്‌ ഐ രാജീവൻ, സീനിയർ സിപിഒ രതീഷ് പി എം, സിപിഒ ബിനീഷ് ഡ്രൈവർ, സിപിഒ വിഷ്ണു പ്രഭ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here