കണ്ണൂരിലിറങ്ങി കളി തുടങ്ങി ഗവര്‍ണര്‍; ഞെട്ടിത്തെറിച്ച് സര്‍ക്കാരും സി.പി.എമ്മും, അടുത്ത നീക്കങ്ങളിലേക്ക് ഉറ്റുനോക്കി കേരളം

0
313

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടിയിലൂടെ വഴി തുറക്കുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക്. ഗവര്‍ണറും സര്‍ക്കാരും തുറന്ന പോരു തുടങ്ങിയിട്ടു കാലങ്ങളായി. ഇടക്കൊന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വജനപക്ഷപാതത്തിനെതിരേയാണ് ഇപ്പോള്‍ ഗവര്‍ണര്‍ വാളെടുത്തത്. ഇത്തരം സ്വജനപക്ഷപാതം താന്‍ അനുവദിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ സമാനതകളില്ലാത്ത നടപടിയുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ രംഗത്തെത്തുകയായിരുന്നു.
നടപടി സര്‍ക്കാര്‍ കേന്ദ്രങ്ങളെയും സി.പി.എം നേതൃത്വത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇനി എന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ എല്ലാവരും ഉറ്റുനോക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ചാന്‍സലര്‍ ചാന്‍സലര്‍ തന്നെയാണെന്നു തെളിയിച്ച നടപടിയാണിതെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസഫലി പറഞ്ഞു. അതേ സമയം സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണറുടെ നീക്കങ്ങളെന്നാണ് നേരത്തെ മുതല്‍ സി.പി.എം പറഞ്ഞുപോരുന്നത്.
ചാന്‍സലര്‍ എന്ന നടപടി ഉപയോഗിച്ചാണ് ഗവര്‍ണര്‍ വളരെ പെട്ടെന്നുതന്നെ നിയമനം മരവിപ്പിച്ച് നടപടിയെടുത്തത്. കണ്ണൂര്‍ വി.സിക്കടക്കം കാരണം കാണിക്കല്‍ നോട്ടിസും അയച്ചിട്ടുണ്ട്. ക്രമക്കേടില്ലെന്ന് കാണിച്ച് കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ അയച്ച റിപ്പോര്‍ട്ട് തള്ളിയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
സര്‍വകലാശാലയിലെ അസോസിയ്റ്റ് പ്രൊഫസര്‍ നിയമനം അഭിമുഖം മാനദണ്ഡമാക്കിത്തന്നെയെന്നായിരുന്നു വി.സി അറിയിച്ചിരുന്നത്. അഭിമുഖത്തില്‍ മികവുകാട്ടിയത് പ്രിയാവര്‍ഗീസാണെന്നും നിയമന നടപടികളില്‍ ക്രമക്കേടില്ലെന്നുമായിരുന്നു വി.സി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ തരിമ്പും സത്യമില്ലെന്ന നിഗമനത്തിലും തെളിവുകളുടെ പശ്ചാത്തലത്തിലും കൂടിയാണ് നടപടി.
വി.സിയുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണരുടെ ഓഫിസ് പരിശോധിച്ച് തള്ളുകയായിരുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ഗവര്‍ണ്ണര്‍ നേരത്തെ അറിയിച്ചത്. ഇവര്‍ക്ക് നിയമനം നല്‍കുന്നതില്‍ സിന്‍ഡിക്കേറ്റ് ജൂണില്‍തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതുവരെ നിയമന ഉത്തരവ് അയച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here