ദില്ലി: പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. 519 രൂപ, 779 രൂപയുടെ പുതിയ പ്ലാനുകളോടൊപ്പം ആനുകൂല്യങ്ങളുമായാണ് എയർടെൽ എത്തിയിരിക്കുന്നത്. 779 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ കാലാവധി 90 ദിവസമാണ്. 519 രൂപയുടെ പ്ലാൻ 60 ദിവസത്തേക്കും. രണ്ട് പ്ലാനുകളിൽ ഏത് ചെയ്താലും വരിക്കാർക്ക് പ്രതിദിനം 1.5 ജിബി 4 ജി ഡാറ്റയും ഇന്ത്യയിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ലഭിക്കും.
പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ എയർടെൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 519 രൂപ, 779 രൂപകളുടെ റീചാർജ് പ്ലാനുകൾ ഒരേ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ റീചാർജ് പ്ലാനുകളിൽ, വരിക്കാർക്ക് പ്രതിദിനം 1.5 ജിബി 4 ജി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അവർ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും വാഗ്ദാനം ചെയ്യുന്നു. വരിക്കാർക്ക് അപ്പോളോ 24/7 സർക്കിളിന്റെ മൂന്ന് മാസത്തെ അംഗത്വവും ലഭിക്കും. ഫാസ്ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്കിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. പ്രതിദിന ക്വാട്ട തീർന്നതിന് ശേഷം ബ്രൗസിംഗ് വേഗത 64KBps ആയി കുറയും.
എയർടെല്ലിന്റെ പ്രധാന എതിരാളിയായ ജിയോ അടുത്തിടെയാണ് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ പ്ലാനുകളുമായി എയർടെൽ രംഗത്തെത്തിയിരിക്കുന്നത്. ജിയോ വരിക്കാർക്ക് 2,999 രൂപയുടെ റീചാർജ് പ്ലാനിനൊപ്പം നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 2999 ഇൻഡിപെന്‌ഡൻസ് ഓഫർ 2022 എന്ന പേരിലായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. ഈ പ്ലാനിനൊപ്പം 75GB ഡാറ്റ, നെറ്റ്മെഡ്സ്, അജിയോ, ഇക്സിഗോ, എന്നിവയുടെ കൂപ്പണുകളും ജിയോ വാഗ്ദാനം ചെയ്തിരുന്നു. ജിയോയുടെ മൊബൈൽ ഡാറ്റ ഉപയോഗം 16.6 ശതമാനം വർധിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.