ബെംഗളൂരു: ശിവമോഗയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ബി.ജെ.പിയുടെ കളിപ്പാവയാണെന്നും അദ്ദേഹം പറഞ്ഞു.
ശിവമോഗ സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ബി.ജെ.പി എം.എല്‍.എ കെ.എസ്. ഈശ്വരപ്പയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം ബി.ജെ.പി മഞ്ഞക്കണ്ണോടുകൂടിയാണ് കാണുന്നത്. എന്ത് നടന്നാലും ബി.ജെ.പി അതിന് കോണ്‍ഗ്രസിനെയാണ് കുറ്റം പറയുന്നത്. അവര്‍ മുസ്‌ലിം പ്രദേശത്ത് സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിച്ചു. അതിന്റെ ആവശ്യമെന്താണ്? അവരെന്തെങ്കിലും ചെയ്‌തോട്ടെയെന്ന് വെക്കാം. പക്ഷേ ടിപ്പു സുല്‍ത്താന്റെ ഫോട്ടോ വേണ്ടെന്ന് വെച്ചതിന്റെ ചേതോവികാരം എന്താണ്?,’ സിദ്ധരാമയ്യ പറഞ്ഞു.
ശിവമോഗ സംഭവവുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും സംഭവം ബി.ജെ.പി മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഡി.പി.ഐയും പി.എഫ്.ഐയും സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാക്കാനോ ക്രമസമാധാനം തകര്‍ക്കാനോ ശ്രമിക്കുന്നുണ്ടെങ്കില്‍, അതിന് കൃത്യമായ തെളിവുണ്ടെങ്കില്‍ അവരെ നിരോധിക്കണമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയോട് പറഞ്ഞു. കുട്ടിയെ നുള്ളിക്കരയിച്ചിട്ട് തൊട്ടിലാട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുള്ള്യയില്‍ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച സംഭവത്തേയും സിദ്ധരാമയ്യ പരാമര്‍ശിച്ചു.
‘പ്രവീണ്‍ നെട്ടാരുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അവര്‍ക്ക് ആവശ്യമായ വാഗ്ദാനങ്ങളും നല്‍കി. പക്ഷേ ആ കൊലപാതകം നടന്നതിന് പിന്നാലെ സംസ്ഥാനത്ത് മറ്റ് കൊലപാതകങ്ങളും നടന്നിരുന്നു. എന്നാല്‍ അവിടെയൊന്നും മുഖ്യമന്ത്രി സന്ദര്‍ശിച്ചതായി കണ്ടില്ല. അവര്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല,’ സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് പ്രത്യയശാസ്ത്രങ്ങളോട് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ് എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എച്ച് റോഡില്‍ സിറ്റി സെന്റര്‍ മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു.
മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എസ്.ഡി.പി.ഐക്കാരനായ യുവാവ് പ്രതിഷേധിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
അതേസമയം പ്രതിഷേധം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി സിറ്റി വിങ് പ്രസിഡന്റ് ജഗദീഷ് ആരോപിച്ചിരുന്നു.