‘ആ ചിരി അബദ്ധമല്ല, അറിഞ്ഞു തന്നെ ചിരിച്ചത്, കാരണമുണ്ട്’; അമ്മച്ചിക്കൊപ്പമുള്ള ‘അവസാന ചിരി’ വിവാദമാക്കുന്നവരോട്

0
320

മല്ലപ്പള്ളി: മല്ലപ്പള്ളി പനവേലിൽ വീട്ടിൽ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷം കുടുംബാംഗങ്ങൾ ചേർന്ന് എടുത്ത ഒരു ചിത്രത്തെ ചൊല്ലിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ” വൃദ്ധ മാതാവിന്റെ മരണത്തിൽ സന്തോഷിക്കുന്നവർ ” എന്നു വരെ പറഞ്ഞാണ് നവമാധ്യമങ്ങളിലെ പരിഹാസം. എന്നാൽ നവ മാധ്യമങ്ങളിലെ വിമർശനങ്ങളെ അവഗണിക്കുകയാണ് പനവേലിൽ കുടുംബാംഗങ്ങൾ. മരിച്ച മറിയാമ്മയുടെ മകനും സി എസ് ഐ സഭയിലെ പുരോഹിതനുമായ ഡോ. ജോർജ് ഉമ്മൻ പറഞ്ഞത് ഇങ്ങനെ

” ഒമ്പതു പതിറ്റാണ്ടു കാലത്തെ സാർഥകമായ ജീവിതം നയിച്ചയാളാണ് ഞങ്ങളുടെ അമ്മച്ചി. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതിൽ ഒരാൾ മരിച്ചു പോയി. ബാക്കി ഞങ്ങൾ എട്ടു പേരും എന്നും അമ്മച്ചിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. വയസ്സ് 94 ആയിട്ടും വളരെ ആക്ടീവ് ആയിരുന്നു അവസാന നാളുകൾ വരെയും അമ്മച്ചി. മരണത്തോട് അടുത്ത ദിവസങ്ങളിലാണ് തീരെ അവശയായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു മരണം. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടത്താനും നിശ്ചയിച്ചു. അങ്ങനെയാണ് വ്യാഴാഴ്ച അർധരാത്രിയോടെ അമ്മച്ചിയുടെ മൃതശരീരം സൂക്ഷിച്ചിരുന്ന മൊബൈൽ മോർച്ചറിക്കരികിൽ ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്നത്. മക്കളും മരുമക്കളും ചെറുമക്കളും അവരുടെ മക്കളുമായുള്ള നാലു തലമുറ. അമ്മച്ചി ഞങ്ങൾക്കൊപ്പമുള്ള അവസാന രാത്രിയിൽ അമ്മച്ചിയെ കുറിച്ചുള്ള നല്ല ഓർമകൾ പരസ്പരം പങ്കുവയ്ക്കാൻ തീരുമാനിച്ചു. രസകരമായ ഓർമകളും കൗതുകമുള്ള കാര്യങ്ങളും പലരും പറഞ്ഞു. അതിനിടയിൽ ചിരി പൊട്ടി. ഞാനടക്കം പലരും അമ്മച്ചിയെ കുറിച്ചുള്ള ഓർമകൾ പറഞ്ഞപ്പോൾ പല കുറി വിതുമ്പി. ഏതാണ്ട് നാലു മണിക്കൂറോളം നേരം ഞങ്ങളെല്ലാം അങ്ങിനെ അമ്മച്ചിയുടെ മൃതശരീരത്തിന് ചുററും ഇരുന്ന് അമ്മച്ചിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലു മണി വരെ ആ സംഭാഷണം നീണ്ടു. അതിന്റെ ഒടുവിലാണ് അമ്മച്ചിക്കൊപ്പമുള്ള ആ അവസാന ദിനത്തിലെ ആ നിമിഷങ്ങൾ ഫോട്ടോ എടുത്ത് സൂക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

ഞങ്ങൾ എല്ലാവരുടെയും ഉള്ളിലെ നൊമ്പരപ്പെടുത്തുന്ന ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഹൂർത്തം അങ്ങിനെ നിങ്ങൾ കാണുന്ന ചിത്രമായി. അതിലെ ചിരി ഒരിക്കലും കള്ളമല്ല. എന്തെങ്കിലും ഒക്കെ പറഞ്ഞ് ആ ചിരിയെ നിഷേധിക്കാനും ഞങ്ങളില്ല. എല്ലാ സന്തോഷത്തോടെയും സുഖങ്ങളോടെയും ജീവിച്ചു മരിച്ച ഞങ്ങളുടെ അമ്മച്ചിക്കുള്ള സ്നേഹ നിർഭരമായ ഞങ്ങളുടെ യാത്രയയപ്പായിരുന്നു അത്. അതിനെ പലരും വിമർശിക്കുന്നു. ചിലർ കളിയാക്കുന്നു. അതൊന്നും ഞങ്ങളുടെ വിഷയമല്ല. അതേ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നേയില്ല. അത് ഞങ്ങളുടെ വിഷയവുമല്ല. അമ്മച്ചി ഞങ്ങൾക്ക് ആരായിരുന്നു ഞങ്ങൾക്ക് അറിയാം. അമ്മച്ചിയുമായി ഞങ്ങൾക്കെല്ലാമുള്ള ആത്മബന്ധത്തെ കുറിച്ചും വാർധക്യത്തിൽ ഞങ്ങൾ അമ്മച്ചിയെ പരിചരിച്ചത് എങ്ങിനെ എന്നും ഞങ്ങളുടെ കുടുംബത്തെ അറിയുന്നവർക്കുമറിയാം. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളും വിമർശനങ്ങളുമൊന്നും ഞങ്ങളെ ബാധിക്കുന്നതേ ഇല്ല. ഞങ്ങളുടെ കുടുംബത്തെ ഒന്നിച്ചു നിർത്തുന്ന കണ്ണിയായി എന്നും അമ്മച്ചിയുടെ സ്നേഹ നിർഭരമായ ഓർമകൾ ഞങ്ങളുടെ മനസിലുണ്ടാകും ” – ഡോ. ജോർജ് ഉമ്മൻ പറഞ്ഞു നിർത്തി.

ഈ ചിത്രവുമായി ബന്ധപ്പെട്ട് നെഗറ്റീവ് കമന്റുകൾ മാത്രമല്ല, പോസിറ്റീവ് അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ശക്തമാണ്. അവയിലൊന്ന് ചുവടെ:

മരിച്ചാൽ ഇങ്ങനെ മരിക്കണം… മല്ലപ്പള്ളി പനവേലിൽ കുടുബത്തിലെ മുത്തശ്ശി 95 ാം വയസ്സിൽ മരിച്ചത് മക്കളുടെയും മരുമക്കളുടെയും ചെറുമക്കളുടെയും എല്ലാ സ്നേഹവും ശിശ്രൂഷയും ആവോളം അനുഭവിച്ചു അവരിൽ നല്ലൊരു പങ്കും. കഴിഞ്ഞ ഒരു മാസമായി കൂടെ തന്നെ ഉണ്ടായിരുന്നു താനും. അവരുടെ എല്ലാം പ്രാർഥനയും അതുതന്നെ ആയിരുന്നു 1 വർഷത്തോളം കിടക്കയിൽ അവശയായി കിടന്ന അമ്മച്ചിയുടെ നില കഴിഞ്ഞ 2 മാസമായി അതീവം രൂക്ഷമായി ആഹാരം പോലും കഴിക്കാതെ ശോഷിച്ച അവസ്ഥയിലുമായിരുന്നതിനാൽ എത്രയും വേഗം അപ്പച്ചന്റെ അടുത്തേക്ക് കൂട്ടി ചേർക്കണമേ എന്നു… അന്നൊക്കെ മക്കളും ചെറുമക്കളും ചാരെ ചേർത്തു പരിചരിച്ചു അവരിൽ കുറ്റബോധം തെല്ലുമില്ലാത്തത്തിന്റെ സന്തോഷം ആണ് ആ ഫോട്ടോയിലെ നിറഞ്ഞ പുഞ്ചിരികൾ…

അമ്മച്ചിയുടെ ഭർത്താവ് CSI സഭയിലെ പുരോഹിതൻ ആയിരുന്നു… അദ്ദേഹത്തിന്റെ സഹോദരനും പുരോഹിതൻ സഹോദരിയുടെ മകൻ ബിഷപ്പ്, മൂത്ത മകൻ പുരോഹിതൻ , 2 മരുമക്കൾ പുരോഹിതർ ഒരു മരുമകൻ ബിഷപ്പ്….   അങ്ങനെ പൗരോഹതരുടെ ഒരു നീണ്ട നിരതന്നെ ഉള്ള കുടുബത്തിലെ ഉത്തമായായ ഒരു മാതാവ് എല്ലാം ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും എല്ലാവർക്കും സന്തോഷവും സമാധാനവും മാത്രം പകർന്നു ഇമ്പങ്ങളുടെ പറുദീസ്സയിലേക്കു യാത്രയായി….. അമ്മച്ചിയുടെ കൊച്ചുമകനായ എന്റെ സുഹൃത്തിനോട് (ഇദ്ദേഹത്തിന്റെ സഹോദനും പുരോഹിതൻ ആണ്) വിഷയം ചൂണ്ടി കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി… അപ്പച്ചന്റെ അടുത്തേക്ക് ഞങ്ങൾ അമ്മച്ചിയെ സന്തോഷത്തോടെ യാത്രയാക്കി.. മരിക്കുന്നതിന് മുമ്പ് ഞാനും ഒരാഴ്ച അമ്മച്ചിയുടെ അടുത്തു പോയി നിന്നു…
(പടം കണ്ടു കല്ലെറിയുന്ന നമ്മൾ നമ്മുടെ വല്യപ്പനെയും വല്യമ്മയെയും… എന്തിനു മാതാപിതാക്കളെ പോലും എത്രകണ്ട് സന്തോഷിപ്പിക്കുന്നു… ശിശ്രൂഷിക്കുന്നു എന്നു സ്വയം പരിശോധന നടത്തിയാൽ…. മാത്രം മതി…. നമ്മുടെ കല്ലുകൾ താനെ താഴെ വീഴും…)

LEAVE A REPLY

Please enter your comment!
Please enter your name here