അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ അന്വേഷണം വഴിമുട്ടുന്നു; കൊലനടന്ന് ഒന്നരമാസമായിട്ടും പ്രധാന പ്രതികളെ പിടികൂടാനായില്ല

0
351

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. സംഭവം നടന്ന് ഒന്നരമാസമായിട്ടും പ്രധാന പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കൊലയാളികളെ സഹായിച്ചവരെയും ഗൂഡാലോചന നടത്തിയവരെയും മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.

മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33), ജെ.എം റോഡിലെ അബ്ദുല്‍ അസീസ്(36), അബ്ദുല്‍റഹീം(41) എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇവരെല്ലാം റിമാണ്ടിലാണ്. എന്നാല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ ഇനിയും അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ഇവര്‍ ഇപ്പോഴും ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയാണ്.

അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തില്‍പെട്ട ഏഴുപേര്‍ക്കെതിരെ ഈയിടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 26നാണ് അബൂബക്കര്‍ സിദ്ദിഖിനെ ക്വട്ടേഷന്‍ സംഘം പൈവളിഗെയിലെ വിജനമായ സ്ഥലത്തേക്ക് കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

അബൂബക്കര്‍ സിദ്ദിഖിന് പുറമെ അന്‍വര്‍, അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയിരുന്നു. ഡോളര്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് മൂന്നുപേരെയും തട്ടിക്കൊണ്ടുപായത്. ക്രൂരമര്‍ദനത്തിനിരയായാണ് അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ടത്. മറ്റ് രണ്ടുപേരെ സംഘം വിട്ടയച്ചിരുന്നു. പൊലീസിന്റെ തുടര്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here