കോഴിക്കോട്: മുസ്‌ലിം ലീഗ് എല്‍.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ. മുനീര്‍. ആശയപരമായി വ്യത്യാസമുളളവര്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും തനിക്ക് അന്ധമായ സി.പി.ഐ.എം വിരോധമില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുനീറിന്റെ പ്രതികരണം.
രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുകയാണെന്നും അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു.
ലീഗ് എല്‍.ഡി.എഫിലേക്ക് വന്നാല്‍ കൊള്ളാമെന്ന നിലപാടുള്ളവര്‍ സി.പി.ഐ.എമ്മിലുണ്ട്. അതാണല്ലോ ഇ.പി. ജയരാജന്‍ പറഞ്ഞത്, വ്യത്യസ്തമായ ഐഡിയോളജികള്‍ ആണെങ്കിലും ഒരു മുന്നണിയെന്ന നിലയില്‍ മുന്നോട്ട് പോകുന്നതില്‍ പ്രശ്നമില്ല. ഇന്ത്യയില്‍ തന്നെ സംഭവിച്ച് കൊണ്ടിരിക്കുന്നത് അതാണ്. വ്യത്യസ്തമായ ഐഡിയോളജികള്‍ ഒന്നിച്ചുള്ള പ്രതിപക്ഷത്തെക്കുറിച്ചാണ് എല്ലാവരും ആലോചിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.
രാഷ്ട്രീയം നമുക്ക് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. നാളെ എന്ത് സംഭവിക്കുമെന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പറയാന്‍ പറ്റില്ല. രാജ്യത്തെ രാഷ്ട്രീയം തന്നെ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാന്‍ അന്ധമായ സി.പി.ഐ.എം വിരോധമുള്ള ആള്‍ അല്ല. പക്ഷെ ഇവിടെ എനിക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ക്കും അതേ രീതിയില്‍ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുനീര്‍ പറഞ്ഞു.
അതേസമയം, എല്‍.ഡി.എഫ് എന്ന പൊളിഞ്ഞ, ഓട്ടവന്ന കപ്പലില്‍ കയറി സ്വയം നശിക്കാന്‍ ലീഗ് തയ്യാറല്ല എന്നായിരുന്നു വിഷയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നത്.
‘ഇ.പി. ജയരാജന്‍ ലീഗിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് വ്യക്തമായ മറുപടി മുമ്പ് നല്‍കിയിട്ടുണ്ട്. ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത് അവര്‍ക്ക് നിലനില്‍പ്പില്ലെന്ന വിശ്വാസമാണ്.
ലീഗ് എല്‍.ഡി.എഫിലേക്ക് വരാതെ രക്ഷയില്ല എന്ന വ്യക്തമായ ബോധമാണ് ജയരാജനെ ഇതിന് പ്രേരിപ്പിക്കുന്നത്. അതിനര്‍ത്ഥം എല്‍.ഡി.എഫിന്റെ നില തെറ്റിയിരിക്കുന്നു എന്നതാണ്. അതിന്റെ കാലിനടിയിലെ വെള്ളം ഒലിച്ചുപോയിരിക്കുകയാണ്.
കേരളീയ സമൂഹം എല്‍.ഡി.എഫിനെ ബദ്ധശത്രുക്കളായാണ് കാണുന്നത്. അവരുടെ ഓരോ നിലപാടുകളും ജനവിരുദ്ധമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അതുകാരണമായി ഉണ്ടായതാണ്. അതിന് ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇത് കാണാന്‍ കഴിഞ്ഞു.
ഇത് ഞങ്ങളെക്കാള്‍ കൂടുതല്‍ മനസിലാക്കിയത് എല്‍.ഡി.എഫാണ്. അതുകൊണ്ടാണ് ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ഏതായിരുന്നാലും ആ പൊളിഞ്ഞ, ഓട്ടവന്ന കപ്പലില്‍ കയറി സ്വയം നശിക്കാന്‍ ലീഗ് തയ്യാറല്ല,’ എന്നായിരുന്നു പി.എം.എ. സലാം പറഞ്ഞിരുന്നത്.