41 ലക്ഷം സന്ദര്‍ശകര്‍; ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ്

0
243

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ്. ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബായ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 34 ലക്ഷം യാത്രക്കാരാണ് ഇത്തവണ ഹീത്രുവില്‍ എത്തിയത്.

ആംസ്റ്റര്‍ഡാം, പാരിസ്, ഇസ്താംബൂള്‍, ഫ്രാങ്ക്ഫര്‍ട്ട്, ദോഹ ലണ്ടനിലെ ഗാറ്റ്‌വിക്ക്, സിംഗപ്പൂര്‍, മഡ്രിഡ് എന്നീ വിമാനത്താവളങ്ങളും ആദ്യപത്തില്‍ ഇടം പിടിച്ചു. ഏറ്റവും തിരക്കേറിയ എയര്‍ലൈന്‍ റൂട്ടുകളിലും ദുബായിയാണ് മുന്നില്‍. ദുബായ്-റിയാദ്, മുംബൈ-ദുബായ്, ദുബായ്-ഹീത്രൂ എന്നിവയാണ് ഏറ്റവും തിരക്കേറിയ റൂട്ടുകള്‍. ജീവനക്കാരെ വെട്ടിക്കുറച്ചത് മൂലം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന്റെ ശേഷി അടുത്തിടെ കുറച്ചിരുന്നു. ഇതോടെയാണ് ഹീത്രൂ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ഈ വര്‍ഷം ആദ്യ ആറ് മാസത്തിനിടെ ദുബായ് വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്. 2021 ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 161.9 ശതമാനം വര്‍ധനയാണുണ്ടായത്. മെയ്, ജൂണ്‍ മാസങ്ങളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി റണ്‍വേ അടച്ചിട്ടിരുന്നതിനാല്‍ ആയിരത്തോളം സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ദുബായ് അല്‍ മക്തൂം എയര്‍പോട്ടിലേക്കാണ് കൂടുതല്‍ സര്‍വീസുകളും തിരിച്ചുവിട്ടത്. ഇത് ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here