ഹിജാബ് വിവാദം: മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നും ടി.സി വാങ്ങിയത് 16 ശതമാനം വിദ്യാര്‍ത്ഥിനികള്‍

0
268

മംഗളൂരു: ഹിജാബ് നിരോധനത്തെ തുടര്‍ന്ന് മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നും 16 ശതമാനത്തോളം മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ടി.സി വാങ്ങിയതായി റിപ്പോര്‍ട്ട്. മംഗളൂരു യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ പഠിക്കുന്ന രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനികളാണ് ടി.സി വാങ്ങിയതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സര്‍വകലാശാലക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് ചേര്‍ന്ന 900 മുസ്‌ലിം പെണ്‍കുട്ടികളില്‍ 145 പേരും ഹിജാബ് നിരോധനത്തെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ചിട്ടുണ്ട്.

ഇവരില്‍ ചിലര്‍ ഹിജാബ് അനുവദനീയമായ കോളേജുകളില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ കോളേജുകളില്‍ നിന്ന് ടി.സി വാങ്ങുന്ന വിദ്യാര്‍ത്ഥിനികളുടെ എണ്ണം ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഏകദേശം 34 ശതമാനത്തോളം വിദ്യാര്‍ത്ഥിനികളാണ് സര്‍ക്കാര്‍ കോളേജുകളില്‍ നിന്നു മാത്രം ഹിജാബ് വിഷയത്തില്‍ ടി.സി വാങ്ങിയത്.

എയ്ഡഡ് സ്ഥാപനങ്ങളില്‍ ഇത് എട്ട് ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലുമായി 36 സര്‍ക്കാര്‍ കോളേജുകളും 34 എയ്ഡഡ് കോളേജുകളുമാണുള്ളത്.

ഉഡുപ്പിയില്‍ വിഷയവുമായി ബന്ധപ്പെട്ട് 14ശതമാനം പേരാണ് ടി.സി വാങ്ങിയത്. ദക്ഷിണ കന്നഡയില്‍ ഇത് 13 ശതമാനമാണ്.

ഹിജാബ് വിവാദങ്ങള്‍ക്ക് തുടക്കമിട്ട അജ്ജര്‍കഡ് ഫസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ കോളേജില്‍ ഒമ്പത് വിദ്യാര്‍ത്ഥിനികള്‍ പഠനം ഉപേക്ഷിച്ചിട്ടുണ്ട്.

എയ്ഡഡ് കോളേജുകളില്‍ ഉജിരെയിലെ എസ്.ഡി.എം കോളേജിലും (11), കുന്ദാപൂരിലെ ഭണ്ഡാര്‍ക്കേഴ്സ് കോളേജിലുമാണ് (13) ഏറ്റവും കൂടുതല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ടി.സി വാങ്ങിയത്.

ഹിജാബ് വിഷയത്തില്‍ സംഘര്‍ഷം ഉണ്ടായ ഉപ്പിനങ്ങാടി ഒന്നാം ഗ്രേഡ് ഗവര്‍ണ്‍മെന്റ് കോളേജില്‍ നിന്നും ആരും ടി.സി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും യൂണിഫോം നിര്‍ബന്ധമാക്കിയത് മൗലികാവകാശലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

LEAVE A REPLY

Please enter your comment!
Please enter your name here