സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടു, കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത്

0
372

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്.

ജൂലൈ ആറിന് തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിന് ഇടയിലാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു.

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടിയെന്നും കാർ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്‍റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂര്‍ സ്വദേശിയായ മറ്റൊരു യുവാവിന്‍റെ മൃതദേഹമെന്ന നിഗമനത്തില്‍ അന്നു തന്നെ സംസ്കാരവും നടത്തി. എന്നാൽ ഇക്കാര്യത്തിൽ ബന്ധുക്കളില്‍ ചിലര്‍  സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here