സുപ്രീംകോടതി നടപടികൾ ഇന്ന് പൊതുജനങ്ങൾക്ക് തത്സമയം കാണാം; ചരിത്രത്തിലാദ്യമായി ലൈവ് സ്ട്രീമിംഗ്

0
284

ദില്ലി: സുപ്രീംകോടതി നടപടികൾ ചരിത്രത്തിൽ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. വിരമിക്കൽ ദിനത്തിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. പ്രത്യേക പ്ലാറ്റ്‍ഫോം വഴി, ഓഗസ്റ്റ് മുതൽ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകൾ, മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികൾ പൊതുജനത്തിന് തത്സമയം കാണാനാകും.

ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര  പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‍ഫോം ഭാവിയിൽ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും കൂടി ഉപയോഗിക്കാനാകും. നിലവിൽ ചില ഹൈക്കോടതികൾ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്.

സുപ്രീംകോടതി നടപടികൾ തത്സമയം കാണിക്കാമെന്ന നിർദേശത്തെ നേരത്തെ കേന്ദ്ര സർക്കാർ കോടതിയിൽ പിന്തുണച്ചിരുന്നു. മുതിർന്ന അഭിഭാഷക ഇന്ദിര ജയ‍്‍സിംഗ്, നിയമ വിദ്യാർത്ഥി സ്വപ്‍നിൽ ത്രിപാഠി എന്നിവരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയിൽ എത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയായിരുന്നു ഹർജി പരിഗണിച്ചത്. കേസിൽ എന്തു സംഭവിക്കുന്നുവെന്ന് ഹർജിക്കാർക്ക് നേരിട്ടറിയാൻ ഈ സംവിധാനം സഹായകരമാകുമെന്നും ഭരണഘടനാപരമായ അവകാശം കൂടിയാണ് ഇതെന്നുമുള്ള വാദത്തെ കേന്ദ്ര സർക്കാരിനായി ഹാ‍ജരായ സോളിസിറ്റർ ജനറൽ പിന്തുണച്ചു. 2018 സെപ്തംബറിൽ സുപ്രീംകോടതി ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകൾ തത്സമയം കാണിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അന്ന് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവാണ് ഇപ്പോഴത്തെ ലൈവ് സ്ട്രീമിംഗിലേക്ക് വഴിതെളിച്ചത്. ഈ ഉത്തരവിന്റെ ചുവടുപിടിച്ച് ഗുജറാത്ത്, കാർണാടക, പറ്റ്ന, ഒഡീഷ, ജാർഖണ്ഡ്, ഹൈക്കോടതികൾ ലൈവ് സ്ടീമിംഗ് തുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here