സാമൂഹികമാധ്യമങ്ങളില്‍ ത്രിവര്‍ണം വിരിഞ്ഞില്ല; ആര്‍.എസ്.എസിന് രൂക്ഷവിമര്‍ശനം

0
274

നാഗ്പുര്‍/ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ മുഖചിത്രങ്ങളില്‍ ത്രിവര്‍ണപതാക ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിട്ടും ആര്‍.എസ്.എസ്. അത് അവഗണിക്കുകയാണെന്ന് ആരോപണം. എന്നാല്‍, ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ‘ഓരോ വീട്ടിലും ത്രിവര്‍ണപതാക’, ‘ആസാദി കാ അമൃത് മഹോത്സവ്’ എന്നിവയെ ആര്‍.എസ്.എസ്. പിന്തുണയ്ക്കുന്നുണ്ടെന്നും സംഘടനാവക്താവ് പ്രതികരിച്ചു.

രാജ്യത്തെ ജനങ്ങള്‍ സാമൂഹികമാധ്യമഅക്കൗണ്ടുകളില്‍ ത്രിവര്‍ണപതാക ഉള്‍പ്പെടുത്തണമെന്ന മോദിയുടെ അഭ്യര്‍ഥന എന്തുകൊണ്ട് ആര്‍.എസ്.എസ്. ചെവിക്കൊള്ളുന്നില്ലെന്ന രൂക്ഷവിമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍നിന്നു തന്നെയാണ് ആദ്യം ഉയര്‍ന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ചില പ്രതിപക്ഷ കക്ഷികള്‍ അത് ഏറ്റുപിടിച്ചു. 52 വര്‍ഷമായി നാഗ്പുരിലെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താത്ത ആര്‍.എസ്.എസ്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന സ്വകരിക്കുമോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ചോദിച്ചു.

പാര്‍ട്ടി മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതേ ചോദ്യം ട്വീറ്റുചെയ്തു. ഖാദി ദേശീയപതാകയുണ്ടാക്കി ഉപജീവനമാര്‍ഗം കണ്ടെത്തിയവരുടെ ജീവിതം കേന്ദ്രസര്‍ക്കര്‍ തകര്‍ത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്രഇന്ത്യയെ തള്ളിയ ചരിത്രമുള്ള ആര്‍.എസ്.എസ്. ഒരിക്കലും ദേശീയപതാകയെ അംഗീകരിച്ചിട്ടില്ലെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി. കാവിക്കൊടി ദേശീയപതാകയാക്കണമെന്നാണ് ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണ പ്രഖ്യാപിച്ചതാണ്

വിമര്‍ശനമുന്നയിക്കുന്ന പ്രധാന രാഷ്ട്രീയകക്ഷിയാണ് രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദികള്‍. ത്രിവര്‍ണപതാക ആഘോഷം പോലുള്ള വിഷയങ്ങള്‍ രാഷ്ട്രീയത്തിന് അപ്പുറത്തുനിന്നാണ് കാണേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ആഘോഷപരിപാടികള്‍ക്ക് ആര്‍.എസ്.എസ്. നേരത്തേതന്നെ പിന്തുണ പ്രഖ്യാപിച്ചതാണ്. പരിപാടികളില്‍ പങ്കെടുക്കാന്‍ സ്വയംസേവകരോടും അനുബന്ധസംഘടനകളോടും അഭ്യര്‍ഥിച്ചതുമാണ്

-സുനില്‍ അംബേദ്കര്‍, ആര്‍.എസ്.എസ്. പ്രചാരപ്രമുഖ്

 

LEAVE A REPLY

Please enter your comment!
Please enter your name here