വീട്ടുവേലയ്ക്കു വന്ന ചെറുപ്പക്കാരനോട് പ്രണയം, പിന്നെ വിവാഹം, ഒരു വീട്ടമ്മയുടെ കഥ!

0
617

നാസിയയുടെ പ്രണയകഥയാണ് ഇപ്പോള്‍ പാക്കിസ്താനിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അവര്‍ ഒരു സെലിബ്രിറ്റിയോ, പ്രശസ്ത വ്യക്തിയോ ഒന്നുമല്ല. ഇന്നലെ വരെ ഒരു സാധാരണക്കാരിയായിരുന്ന അവര്‍ ഇന്ന് പ്രശസ്തയായത് തീര്‍ത്തും അസാധാരണമായ അവരുടെ പ്രണയകഥ കൊണ്ടാണ്.

നാസിയ പ്രണയിച്ചത് തന്റെ വീട്ടുവേലക്കാരനെയാണ്. പ്രണയിക്കുക മാത്രമല്ല, വിവാഹവും കഴിച്ചിരിക്കുന്നു അവര്‍. പണത്തിനും പദവിക്കും മുന്നില്‍ സ്‌നേഹത്തിന്റെ തട്ട് പൊങ്ങി തന്നെ നില്‍ക്കുമെന്ന് അവര്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു.

പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് നാസിയയുടെ വീട്. അവള്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. വീട്ടുജോലികളില്‍ സഹായിക്കാനായി സൂഫിയാന്‍ എന്ന ചെറുപ്പക്കാരനെ അവളുടെ ഒരു സുഹൃത്താണ് കൊണ്ട് വന്നത്. പ്രതിമാസം 18,000 രൂപയായിരുന്നു ശമ്പളം. വീട്ടുകാര്യങ്ങള്‍ നോക്കുക എന്നതായിരുന്നു അയാളുടെ ജോലി. അയാളെ കുറിച്ച് എല്ലാവര്‍ക്കും നല്ല മതിപ്പായിരുന്നു. വീട്ടിലെ ജോലികള്‍ എല്ലാം അയാള്‍ നല്ല വെടുപ്പായി ചെയ്യുമായിരുന്നു. അയാളുടെ കഴിവ് കണ്ട് നാസിയയ്ക്കും മതിപ്പായി. എന്നാല്‍ അവളെ ഏറ്റവും ആകര്‍ഷിച്ചത് അയാളുടെ ലാളിത്യമായിരുന്നു. അവള്‍ക്ക് അയാളോട് എന്തെന്നില്ലാത്ത അനുകമ്പയും സ്‌നേഹവും തോന്നി. ദിവസം ചെല്ലുന്തോറും ആ വലിയ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍  മറ്റൊരു ലോകം ഉയിര്‍ കൊണ്ടു, സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഒരു പുതിയ ലോകം.

Love story of Nazia who married her domestic help

വീട്ടുകാര്യങ്ങള്‍ കൂടാതെ അവളുടെ കാര്യങ്ങളും അയാള്‍ മുടക്കം കൂടാതെ നോക്കാന്‍ തുടങ്ങി. അവള്‍ കിടപ്പിലായാല്‍ അയാള്‍ അവളെ  ശുശ്രുഷിക്കും. വേണ്ട ആഹാരം പാകം ചെയ്യും. സമയാസമയത്തിന് മരുന്നും ഭക്ഷണവും എടുത്ത് കൊടുക്കും. ഉറങ്ങാതെ അവളെ പരിപാലിക്കും. അവള്‍ക്കും അയാളുടെ സ്വഭാവം നന്നേ ബോധിച്ചു. അയാളുടെ രീതികളും, ലോകത്തോടുള്ള കാഴ്ചപ്പാടുകളും എല്ലാം അവളെ വല്ലാതെ ആകര്‍ഷിച്ചു. ഒടുവില്‍ ഒരു നിമിഷം അവള്‍ തിരിച്ചറിഞ്ഞു- സൂഫിയാനാണ് തന്റെ ജീവിതമെന്ന്. പിന്നെ താമസിപ്പിച്ചില്ല, അവള്‍ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞു.

ഇത് കേട്ടപ്പോള്‍, ആദ്യം സ്തബ്ധനായി നിന്നു പോയതായി അയാള്‍ പറയുന്നു. എന്നാല്‍ പിന്നീട് തനിക്കും ഇഷ്ടമായിരുന്നു എന്ന കാര്യം അയാള്‍ തുറന്ന് പറഞ്ഞു. അങ്ങനെ യജമാനത്തി തന്റെ ജോലിക്കാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. സൂഫിയാനെ നിക്കാഹ് ചെയ്ത് നാസിയ ഇപ്പോള്‍ ഒരു പുതിയ ജീവിതം നയിക്കുകയാണ്.

സ്വന്തമെന്ന് പറയാന്‍ ആരുമില്ലാതിരുന്ന നാസിയയ്ക്ക് ഇതോടെ ഒരു പുതിയ കൂട്ടുമായി. അടുത്തിടെ യൂട്യൂബര്‍ സയ്യിദ് ബസീദ് അലിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രണയകഥ നാസിയ വെളിപ്പെടുത്തുന്നത്. താന്‍ ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്ന് നാസിയ പറയുന്നു. സല്‍മാന്‍ ഖാനെയും, കത്രീന കൈഫിനെയും പോലെ പ്രണയിച്ച് നടക്കുകയാണ് തങ്ങളെന്നും അവള്‍ പറയുന്നു.

എന്നാല്‍, ഇത്, ആളുകളെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. ഇരുവര്‍ക്കും നേരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാലും അതുകൊണ്ടൊന്നും തങ്ങള്‍ പിന്മാറില്ലെന്നാണ് അവര്‍ പറയുന്നത്. ഇനിയും തങ്ങള്‍ പ്രണയിക്കും, മരണം വരെ സ്‌നേഹിച്ച് ജീവിക്കുകയും ചെയ്യുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. തന്റെ വീട് സൂഫിയാന്റെ പേരിലേക്ക് മാറ്റാനും നാസിയ ഇപ്പോള്‍ പദ്ധതിയിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here