‘വിവാഹ മോചനത്തിനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള അവകാശമടക്കം തടയാനാകില്ല’; ഹൈക്കോടതി

0
242

കൊച്ചി: മുസ്ലിം വ്യക്തി നിയമമനുസരിച്ച് വിവാഹ മോചനത്തിനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള ഭർത്താക്കൻമാരുടെ അവകാശമടക്കം തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമ പ്രകാരമുള്ള നടപടികൾ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാൽ അതിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലന്നാണ് ഉത്തരവ്. ഭർത്താവിൻ്റെ ത്വലാഖ് തടയണമെന്ന ഭാര്യയുടെ ആവശ്യം അനുവദിച്ച കുടുംബ കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലീം യുവാവ് നൽകിയ ഹരജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപെട്ട ബഞ്ച് പരിഗണിച്ചത്.

ഒന്നും രണ്ടും ത്വലാഖ് ചൊല്ലിക്കഴിഞ്ഞ് മൂന്നാം ത്വലാഖിന് കാത്തിരിക്കുമ്പോഴാണ് ഭാര്യയുടെ ഹരജിയിൽ കുടുംബ കോടതി ത്വലാഖ് തടഞ്ഞ് ഉത്തരവിട്ടത്. മറ്റൊരു ഹരജി പരിഗണിച്ച് വിവാഹവും തടഞ്ഞു. മതപരമായ വിശ്വാസം സ്വീകരിക്കാൻ മാത്രമല്ല, അത് പ്രാവർത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. വ്യക്തിനിയമ പ്രകാരമുള്ള നടപടികൾ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാൽ അത് നിർവഹിക്കുന്നത് തടയാൻ കോടതികൾക്ക് കഴിയില്ല.

നടപടികളിൽ വ്യക്തി നിയമം പാലിച്ചിട്ടില്ല എന്ന വാദം ഉയർത്താമെങ്കിലും എല്ലാ നടപടികൾക്കും ശേഷം മാത്രമേ ഇത് സംബന്ധിച്ച നിയമ സാധുത പരിശോധിക്കാനാവൂ. ഹരജിക്കാരനെതിരായ കോടതി ഉത്തരവ് നിർഭാഗ്യകരമാണ്. ഒന്നിലേറെ വിവാഹം കഴിക്കുന്നതും വ്യക്തി നിയമ പ്രകാരം അനുവദനീയമാണ്. നിയമം സംരക്ഷണം അനുവദിക്കുമ്പോൾ അതു പ്രകാരം നടപടികൾ അനുവദിക്കാതിരിക്കാൻ കോടതിക്കാവില്ല. അധികാര പരിധി ലംഘിക്കുന്നതാണ് കുടുംബ കോടതി ഉത്തരവെന്നതിനാൽ റദ്ദാക്കുന്നതായി ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here