തിരുവനന്തപുരം: വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍ എസ് എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല കോടതിയാണ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രക്ക് പിന്നാലെ ജലീല്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധിനിവേശ ജമ്മു കശ്മീരാണെന്ന പോസ്റ്റിലെ പരാമര്‍ശമാണ് വിവാദമായത്.
പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെടുന്നുവെന്നും പോസ്റ്റിലുണ്ട്. പാക് അധിനിവേശ കശ്മീരില്‍ പാകിസ്ഥാന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന കുറിപ്പിലെ വരികള്‍ പരോക്ഷമായി പാകിസ്ഥാനെ പുകഴ്ത്തലാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു.