മദ്യപിച്ച് വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് വേണ്ടിയുള്ള സജ്ജീകരണമായ ആൽകോ സ്‌കാൻ ഉടൻ കേരള പൊലീസിന്റെ ഭാഗമാകും. പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. ആഗസ്‌റ്റ് 30ന് മുഖ്യമന്ത്രി പിണറയി വിജയൻ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കും.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
മദ്യപിച്ച് വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പൊലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്‌കാൻ വാൻ. പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പൊലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പൊലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും.
റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും, ഫ്‌ലാഗ് ഓഫും ആഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.