റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുമ്പോൾ എന്തിന്​​ ടോൾ നൽകണം? -ഹൈകോടതി

0
239

കൊച്ചി: കുഴികളിൽ വീണ് ആളുകൾ മരിക്കുമ്പോൾ റോഡിന്‍റെ പേരിൽ യാത്രക്കാർ ടോൾ നൽകുന്നതെന്തിനെന്ന്​ ഹൈകോടതി. ദേശീയപാതയിൽ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളാണെന്നും ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ നിരീക്ഷിച്ചു. ആഗസ്റ്റ്​ അഞ്ചിന്​ നെടുമ്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽവീണ്​ ഇരുച​ക്ര വാഹന യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് കരാർ കമ്പനിക്ക്​ ബാധ്യത ചുമത്തി നിയമപരമായി ശിക്ഷിക്കാൻ സ്വീകരിച്ച നടപടി അറിയിക്കാൻ സർക്കാറിനോട്​ കോടതി നിർദേശിച്ചു. മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കേന്ദ്ര ഹൈവേ മന്ത്രാലയത്തോടും വിശദീകരണം തേടി. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

തകർന്ന റോഡുകളുടെ ഉത്തരവാദികളെ കണ്ടെത്താൻ വിജിലൻസ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും 116 റോഡുകളിൽ പരിശോധന നടത്തിയെന്നും സർക്കാർ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്‍റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റോഡുകളിൽ അറ്റകുറ്റപ്പണി ബാക്കിയുണ്ടെന്ന് അമിക്കസ് ക്യൂറിയും വിശദീകരിച്ചു.

തകർന്ന റോഡുകളെക്കുറിച്ച് ജനങ്ങൾക്ക് ജില്ല കലക്​ടർമാരുടെ ഓൺലൈൻ പോർട്ടലുകളിലോ ഓൺലൈൻ പേജുകളിലോ പരാതി നൽകാം. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ കലക്ടർമാർ കേസെടുത്ത് അന്വേഷിക്കണം. ഇതിൽ തുടർ നടപടിയെടുക്കണം. വീഴ്‌ചയുണ്ടായാൽ ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്‌ചയായി കണക്കാക്കി നടപടിയെടുക്കും. തകർന്ന റോഡുകളുടെ കാര്യത്തിലെ നടപടികളെ കുറിച്ചുള്ള കൂടിയാലോചനക്കായി ആഗസ്റ്റ് 31ന് വിജിലൻസ് ഡയറക്‌ടർ ഓൺലൈൻ മുഖേന ഹാജരാകാനും നിർദേശിച്ചു.

നെടുമ്പാശ്ശേരിയിൽ യാത്രികൻ മരിച്ച സംഭവത്തിൽ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ഉത്തരവാദിത്തമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. കമ്പനിക്കെതിരെ അന്വേഷണം തുടങ്ങി. ഇവരെ നീക്കി പുതിയ കരാറുകാരെ ജോലി ഏൽപിക്കും. വിശദീകരണം തേടി നൽകിയ കത്തുകൾക്ക് കമ്പനി മറുപടി നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത്​ വകുപ്പും കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here