റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം പുനരാരംഭിച്ചു

0
252

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മാറ്റിവെച്ചിരുന്ന അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചു. കേസിലെ പ്രതികളായ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു, കേളുഗുഡ്ഡെയിലെ നിതിന്‍കുമാര്‍, അജേഷ് എന്നിവരെ കോടതിയില്‍ ഹാജരാക്കി.

പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും ഹാജരാവുകയും വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് വാദം തുടരുന്നതിനായി കേസ് സെപ്തംബര്‍ 19ലേക്ക് മാറ്റിവെച്ചു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് റിയാസ് മൗലവി വധക്കേസിന്റെ അന്തിമവാദം ആരംഭിച്ചത്. കേസിന്റെ ആമുഖം കേട്ട ശേഷം കേസ് ജൂലായ് 15ലേക്ക് മാറ്റിയിരുന്നുവെങ്കിലും അന്ന് പരിഗണിക്കാതെ ആഗസ്ത് 10ലേക്ക് മാറ്റിയിരുന്നു. ഈ ദിവസവും അന്തിമവാദം പുനരാരംഭിക്കാനാകാതെ ആഗസ്ത് 24ലേക്ക് മാറ്റുകയാണുണ്ടായത്. പ്രതിഭാഗം സാവകാശം ആവശ്യപ്പെട്ടതാണ് അന്തിമവാദം പുനരാരംഭിക്കുന്നത് വൈകാന്‍ കാരണം.

റിയാസ് മൗലവി വധക്കേസില്‍ വിചാരണ രണ്ടുവര്‍ഷം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. കോവിഡ് സാഹചര്യമാണ് അന്തിമവാദം തുടങ്ങാനാകാതെ നീണ്ടുപോകാന്‍ ഇടവരുത്തിയത്. 2017 മാര്‍ച്ച് 20ന് രാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here