യുഎഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

0
558

അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇവയ്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി പുറത്തുവിട്ടിട്ടുണ്ട്.

@embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും ind_embassy.mea.gov@protonmail.com എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ് പ്രവാസികളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് പ്രവാസികളില്‍ നിന്ന് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത്തരം ട്വിറ്റര്‍ ഹാന്റിലുമായോ ഇ-മെയില്‍ വിലാസുമായോ ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും, ട്വിറ്റര്‍ ഹാന്റിലും, ഫേസ്‍ബുക്ക് ഐഡിയും ടെലിഫോണ്‍ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, വ്യാജ ഐഡികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണമെന്ന് എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഇ-മെയില്‍ വിലാസങ്ങള്‍ @mea.gov.in എന്ന ഡൊമൈനിലായിരിക്കും അവസാനിക്കുക. 

@IndembAbuDhabi എന്നത് മാത്രമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. എംബസിയുടെയോ അതിന്റെ ജീവക്കാരുടെയോ പേരില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here