മുസ്‌ലിം സമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കാൻ സുപ്രിംകോടതി തീരുമാനം. ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്കുക. ഭരണഘടനയുടെ 15,16 അനുച്ഛേദത്തിൻ്റെ അടിസ്ഥാനത്തിലാകും പരിശോധന.
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ.ബി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് സെപ്തംബര്‍ 13, 14 തിയതികളിലാണ് ഇക്കാര്യം പരിശോധിക്കുക.
മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് ഭരഘടനയുടെ 15, 16 അനുച്ഛേദനങ്ങളില്‍ പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് പരിശോധിക്കാനൊരുങ്ങുന്നത്. ആന്ധ്രയില്‍ നിന്നാണ് ഹരജി സമർപ്പിക്കപ്പട്ടിരിക്കുന്നത്.
ഇത്തരമൊരു വിഷയമായതിനാൽ ഇത് രണ്ടംഗ ബെഞ്ചിനോ മൂന്നംഗ ബെഞ്ചിനോ പരിഗണിക്കാന്‍ ആവാത്തതിനാലാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയിരിക്കുന്നത്.
ഇതു കൂടാതെ, സിഖ് സമുദായത്തെ പഞ്ചാബില്‍ ന്യൂനപക്ഷമായി കണക്കാക്കാന്‍ ആകുമോ എന്ന ചോദ്യവും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. തെരഞ്ഞെടുക്ക് കമ്മീഷന്‍ നിയമന രീതി മാറ്റണമോ, സുപ്രിംകോടതിക്കും ഹൈക്കോടതിക്കും ഇടയില്‍ അപ്പീല്‍ കോടതി വേണോ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നുണ്ട്.
ഇത്തരം ഹരജികൾ ഹരജി ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും അതിനു വേണ്ടിയാണ് വിശദമായ വാദം കേള്‍ക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനു ശേഷമാണ് ഭരണഘടനാ ബെഞ്ചിലെ കേസുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ പരിശോധിക്കാന്‍ തീരുമാനിച്ചത്.