ഭർത്താവിനെ കൊല്ലാൻ ‌യുവതിയും കാമുകനും ക്വട്ടേഷൻ നൽകി, കേസ് ഭയന്ന് കാമുകൻ ജീവനൊടുക്കി; ഭർത്താവ് തിരിച്ചെത്തി

0
248

ബെം​ഗളൂരു:  ഭർത്താവിനെ കൊലപ്പെടുത്താൻ 26 കാരിയായ യുവതിയും കാമുകനും ക്വട്ടേഷൻ നൽകി. എന്നാൽ കേസ് ഭയന്ന് കാമുകൻ ജീവനൊടുക്കി. ഭർത്താവിനെ കൊല്ലാനുള്ള ധൈര്യമില്ലാതിരുന്ന ക്വട്ടേഷൻ സംഘം വെറുതെ വി‌ട്ടതോടെ ഭർത്താവ് ദിവസങ്ങള്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. കർണാടകയിലെ ബെം​ഗളൂരു ദൊഡ്ഡബിഡരക്കല്ലു എന്ന സ്ഥലത്താണ് സിനിമയെ വെല്ലുന്ന സംഭവമുണ്ടായത്.

ബെംഗളൂരുവിലെ ദൊഡ്ഡബിഡരക്കല്ലു സ്വദേശിനിയായ അനുപല്ലവി എന്ന യുവതിയും കാമുകൻ ഹിമവന്ത് കുമാറുമാണ് ഭർത്താവ് നവീൻ കുമാറിനെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തിന് കരാർ നൽകിയത്. മിൽ നടത്തുന്ന നവീൻ കുമാർ ക്യാബ് ഡ്രൈവറായും ജോലി ചെയ്യുന്നുണ്ട്. ഭർത്താവിനെ കൊല്ലാൻ 90,000 രൂപ അഡ്വാൻസായി നൽകി. ജോലി പൂർത്തിയാകുമ്പോൾ 1.1 ലക്ഷം രൂപ നൽകാമെന്നും ഉറപ്പുനൽകി.

ജൂലൈ 23 ന്, ​ഗുണ്ടകളിൽ രണ്ടുപേർ നവീനിന്റെ ക്യാബ് തമിഴ്‌നാട്ടിലേക്ക് പോകാൻ വാടകയ്‌ക്കെടുത്തു. മൂന്നാമനും കൂടെ കൂടി. പിന്നീട്, മൂവരും നവീനിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചു. എന്നാൽ, ​ഗുണ്ടകൾക്ക് നവീനെ കൊല്ലാൻ ധൈര്യമുണ്ടായിരുന്നില്ല. പകരം നവീനുമായി സൗഹൃദത്തിലാകുകയും പാർട്ടി നടത്തുകയും ചെയ്തു.

ഇതിനിടെ നവീനെ കൊലപ്പെടുത്തിയെന്ന് ബോധിപ്പിക്കാൻ ക്വട്ടേഷൻ സംഘം നവീന്റെ ദേഹത്ത് തക്കാളി കെച്ചപ്പ് ഒഴിച്ച് ചിത്രമെടുത്ത് ഹിമവന്തിനും അനുപല്ലവിക്കും അയച്ചുകൊടുത്തു. ഫോട്ടോ കണ്ട് ഭയന്ന ഹിമവന്ത് ഓഗസ്റ്റ് ഒന്നിന് ബാഗലഗുണ്ടെയിലെ വസതിയിൽ ആത്മഹത്യ ചെയ്തു. സംഭവം കേസ് ആകുമോ എന്ന് ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇതിനിടെ നവീന്റെ സഹോദരി സഹോദരനെ കാണാനില്ലെന്ന് കാണിച്ച് ഓഗസ്റ്റ് രണ്ടിന് പീനിയ പൊലീസിൽ പരാതി നൽകിയിരുന്നു. ഓ​ഗസ്റ്റ് ആറിന് എല്ലാവരെയും ഞെട്ടിച്ച് നവീൻ വീട്ടിലെത്തി. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ ഇയാൾ വെളിപ്പെടുത്തിയത്.

പൊലീസ് ഹിമവന്തിന്റെയും അനുപല്ലവിയുടെയും ഫോൺ പരിശോധിച്ചപ്പോൾ അനുപല്ലവിയുടെ അമ്മ അമ്മോജമ്മയ്ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയ ഹരീഷ്, നാഗരാജു, മുഗിലൻ എന്നിവരെയും പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് പിടികൂടി.   അനുപല്ലവിയെ താൻ സ്നേഹിക്കുന്നതിനാലും അവളോട് ക്ഷമിക്കണമെന്നും നവീൻ പൊലീസിനോട് അഭ്യർഥിച്ചു. എന്നാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here