ഭരണമൊന്നും നടക്കുന്നില്ല, വെറുതെ മുന്നോട്ടു പോകുന്നു: കർണാടക മന്ത്രിയുടെ ഓഡിയോ, വിവാദം

0
292

ബെംഗളൂരു ∙ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് വീണ്ടും ഓഡിയോ വിവാദം. ബിജെപി നേതാവും കർണാടക മന്ത്രിയുമായി ജെ.സി. മധുസ്വാമിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് പുറത്തായതാണ് പുതിയ വിവാദത്തിനു വഴി തെളിച്ചത്. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം മുന്നോട്ടു പോകുന്നുവെന്നേയുള്ളൂവെന്നും, ഭരണത്തിൽ കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്ന തരത്തിൽ മന്ത്രി നടത്തിയ സംഭാഷണമാണു സർക്കാരിനു നാണക്കേടായത്. ഓഡിയോയിൽ സംസാരിക്കുന്നത് മന്ത്രി മധുസ്വാമിയാണെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയതാണ് ഈ ഭാഗമെന്നും വിശദീകരിച്ചു.

സംസ്ഥാന ഭരണത്തെക്കുറിച്ചു വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കു പാതിവഴിയിൽ സ്ഥാനം നഷ്ടമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നതിനിടെയാണ്, ഒരു മന്ത്രി തന്നെ സർക്കാരിനെതിരെ സംസാരിക്കുന്ന ഓഡിയോ പുറത്തായത്. 2021ൽ മുതിർന്ന നേതാവ് ബി.എസ്. യെഡിയൂരപ്പയുടെ പിൻഗാമിയായാണ് അറുപത്തിരണ്ടുകാരനായ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. അന്ന് യെഡിയൂരപ്പ തന്നെയാണ് തന്റെ പിൻഗാമിയെ നിശ്ചയിച്ചത്.

അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടക സന്ദർശിച്ചതിനു പിന്നാലെ, ബസവരാജ് ബൊമ്മെയ്ക്ക് സ്ഥാനചലനം സംഭവിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ബൊമ്മെയുടെ മുഖ്യമന്ത്രി സ്ഥാനത്തിനു യാതൊരു ഭീഷണിയുമില്ലെന്നാണ് യെഡിയൂരപ്പയുടെ നിലപാട്. പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രിയും ആവർത്തിക്കുന്നു.

അതിനിടെ, സർക്കാരിനെ പ്രതിരോധത്തിലാക്കിയ പരാമർശം നടത്തിയ മന്ത്രി മധുസ്വാമി രാജിവയ്ക്കണമെന്ന ആവശ്യവുമായി മറ്റൊരു മന്ത്രി എസ്.ടി. സോമശേഖർ രംഗത്തെത്തി. ഭരണത്തിൽ കാര്യമായിട്ടൊന്നും സംഭവിക്കുന്നില്ലെന്നാണ് അദ്ദേഹത്തിനു തോന്നുന്നതെങ്കിൽ, നിയമമന്ത്രി സ്ഥാനം എത്രയും പെട്ടെന്നു രാജിവയ്ക്കുന്നതാണു നല്ലതെന്നു സോമശേഖർ ചൂണ്ടിക്കാട്ടി.

‘ഞങ്ങൾ വെറുതെയങ്ങു മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടെങ്കിൽ, എത്രയും വേഗം നിയമമന്ത്രി സ്ഥാനം രാജിവയ്ക്കണം. അദ്ദേഹവും ഈ സർക്കാരിന്റെ ഭാഗമാണെന്നു മറക്കരുത്. എല്ലാ മന്ത്രിസഭാ യോഗങ്ങളിലും പങ്കെടുത്ത് അവിടെ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ഭാഗമാണ് അദ്ദേഹം. അത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹവും അതിന്റെ ഭാഗമാണെന്നു കൂടി അർഥമുണ്ട്. മന്ത്രിയെന്ന നിലയിൽ യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ ഇത്തരം പ്രസ്താവന നടത്തുന്നത് ശരിയല്ല’ – സോമശേഖർ ചൂണ്ടിക്കാട്ടി.

സംസ്ഥാന ഭരണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനം അടുത്തിടെയായി ശക്തമാണ്. കഴിഞ്ഞ മാസം യുവമോർച്ച പ്രവർത്തകനെ അക്രമികൾ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here