ദില്ലി: ബിഹാറിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും.
ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ് ഇടത് പാർട്ടികളുമായി സഖ്യത്തിലായാൽ ബി ജെ പി ബന്ധമുപേക്ഷിച്ച് നിതീഷിന് സർക്കാരുണ്ടാക്കാം. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാർ സംസാരിച്ചെന്നാണ് വിവരം. രണ്ട് കേന്ദ്ര മന്ത്രി സ്ഥാനം, നിയമസഭ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി കഴിഞ്ഞ കുറെ നാളുകളായി നിതീഷ് ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയാണ്. അഗ്നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാർ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും പ്രധാനമന്ത്രി വിളിച്ച നിതി ആയോഗ് യോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു
ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ബിജെപിയുമായി തുടരുന്ന അതൃപ്തിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാർ വിട്ടു നിന്നിരുന്നു.
ഓഗസ്റ്റ് പതിമൂന്ന് മുതല്‍ 15 വരെ ദേശീയ പതാക എല്ലാ വീടുകളിലും ഉയര്‍ത്തണമെന്ന തീരുമാനത്തിൽ, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അമിത് ഷാ വിളിച്ച യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതിരുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്‍റെ വിശദീകരണം. എന്നാല്‍ നിതീഷിന്റെ അസാന്നിധ്യത്തോട് ബിജെപി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന നീതി ആയോഗ് യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല