കര്‍ണാടകയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലയാളികളുടെ സ്വത്ത് മാത്രം കണ്ടുകെട്ടിയാല്‍ പോരെന്ന് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ യുടി ഖാദര്‍. സമീപകാലത്ത് കൊല്ലപ്പെട്ട ഫാസിലിന്റെയും മസൂദിന്റെയും കൊലയാളികളുടെ സ്വത്ത് കൂടി കണ്ടുകെട്ടണമെന്നും ഖാദര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എഡിജിപി അലോക് കുമാറിന് ഖാദര്‍ കത്തെഴുതി. പൊലീസിന്റെ പക്ഷപാതപരമായ നടപടിയെയാണ് കത്തില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
പ്രവീണ്‍ നെട്ടാരു കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കഴിഞ്ഞ ദിവസമാണ് കണ്ടുകെട്ടിയത്. കുറ്റകൃത്യത്തില്‍ നേരിട്ടോ അല്ലാതയോ ഇടപെട്ട എല്ലാവര്‍ക്കുമെതിരെയും നടപടിയെടുക്കുമെന്നും, കേസില്‍ എന്‍ഐഎ ഇടപെടുമെന്നും എഡിജിപി അലോക് കുമാര്‍ വ്യക്തമാക്കിയിരുന്നു.
രണ്ട് ആഴ്ചക്കുള്ളില്‍ മൂന്ന് കൊലപാതകങ്ങളാണ് കര്‍ണാടകയില്‍ നടന്നത്. കാസര്‍ഗോഡ് സ്വദേശിയായ മസൂദ് ജൂലൈ 19നാണ് ആക്രമിക്കപ്പെട്ടത്. 21ന് മരണപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ പ്രവീണും കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങവേ സ്വന്തം കടയുടെ മുന്നില്‍ വെച്ചാണ് ബൈക്കിലെത്തിയ അക്രമി സംഘം മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ മംഗലൂരില്‍ വച്ച് മുഹമ്മദ് ഫാസിലും കൊല്ലപ്പെട്ടു.
പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ കന്നഡ പൊലീസ് സെക്ഷന്‍ 144 പ്രകാരം നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ വേണ്ടി വന്നാല്‍ ‘യോഗി ആദിത്യനാഥ് മോഡല്‍’ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പ്രതികരിച്ചതും ചര്‍ച്ചയായിരുന്നു.