പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയല്‍; പിഴ ഈടാക്കും

0
273

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അലക്ഷ്യമായി കെെകാര്യം ചെയ്യുന്നതിന് പിഴ ഈടാക്കും. പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് പിഴ ഈടാക്കുക. കേന്ദ്ര മലിനീകരണ ബോർ‍ഡിൻെറ മാർ​ഗ നിർദേശ പ്രകാരമാണിത്. നിയമ​ലംഘനം പിടിക്കപ്പെടുന്ന വ്യക്തികളിൽ നിന്നും 500 രൂപ പിഴയാണ് ഈടാക്കുക. ലംഘനം വീണ്ടും ശ്രദ്ധയിൽപെട്ടാൽ വ്യക്തികളിൽ നിന്ന് അപ്പോൾ തന്നെ 500 രൂപ പിഴ ഈടാക്കാനാണ് ശുപാർശ. വീണ്ടും ​ലംഘിച്ചാൽ ആയിരവും മൂന്നാമതും പിടിക്കപ്പെട്ടാൽ രണ്ടായിരം രൂപയാണ് പിഴ. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം മറ്റുനടപടികളുമുണ്ടാകും.

ഇതുസംബന്ധിച്ച് നിർദേശം കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിക്കഴിഞ്ഞു. വലിച്ചെറിയൽ, കത്തിക്കൽ തുടങ്ങി പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഏതുവിധ നിയമലംഘനത്തിനും പിഴ ഈടാക്കും. പ്ലാസ്റ്റിക് മാലിന്യമുണ്ടാകുക, അലക്ഷ്യമായി കെെകാര്യം ചെയ്യുക തുടങ്ങിയ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക ആദ്യം 5000 രൂപയും രണ്ടാമത് 10,000-വും മൂന്നാമത് 20,000-വുമായിരിക്കും. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 (1) പ്രകാരമുള്ള തുടർനടപടികളുണ്ടാകും.

തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 മുതൽ 25,000 രൂപവരെ പിഴയുണ്ടാകും. 50 മെെക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഷീറ്റ് കെെവശം വെച്ചാൽ ടണ്ണിന് 5000 പിഴയീടാക്കും.

തദ്ദേശസ്ഥാപനങ്ങൾക്കാണ് എല്ലാത്തരം പരിശോധനകളുടെയും ചുമതല. നിരോധിച്ച പ്ലാസ്റ്റിക് കെെവശം വെയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ‍ ഉപദേശവും ബോധവത്കരണവും മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ നിന്നും പിഴ ഈടാക്കുന്നത് സർക്കാർ പരി​ഗണനയിലുണ്ട്. നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിൽപ്പന എന്നിവയ്ക്കാണ് ഇപ്പോൾ പിഴ ഈടാക്കുക. ഇത് ആദ്യം 10,000, രണ്ടാമത് 25,000, മൂന്നാമത് 50,000 രൂപയും സ്ഥാപനങ്ങളുടെ ലെെസൻസ് റദ്ദാക്കലുമാണ് ശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here