ദുബായ് ∙ സ്വാതന്ത്ര്യദിനം പ്രമാണിച്ച് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിർഹമാക്കി കുറച്ചു. വൺ ഇന്ത്യ വൺ ഫെയർ പ്രമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബയ്, ചെന്നൈ, ഗോവ, ബംഗളുരു, ഹൈദരാബാദ്, ഇൻഡോർ എന്നീ നഗരങ്ങളിലേക്ക് 330 ദിർഹത്തിന് യാത്ര ചെയ്യാണ കഴിയും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്ന് മുംബയിലേക്കും ഇതേ നിരക്കാണ്. ഇന്നു മുതൽ ഈ മാസം 21 വരെ ഇ നിരക്കിൽ ടിക്കറ്റ് വാങ്ങാം. ഒക്ടോബർ 15 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. അതേസമയം നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ ഈ നിരക്ക് ബാധകമാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇയ്ക്ക് പുറമേ കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ വൺ ഇന്ത്യ വൺ എയർ സ്കീമിൽ യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. വിവരങ്ങൾക്ക്: www.airindia.in.