പ്രവാസികള്‍ക്ക് ആശ്വാസം, വിദേശത്ത് നിന്ന് നാട്ടിലെ ബില്ലുകള്‍ അടയ്ക്കാം; ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം, അറിയേണ്ടതെല്ലാം

0
319

ന്യൂഡല്‍ഹി:  പ്രവാസികള്‍ക്കും നാട്ടിലെ വിവിധ തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ സൗകര്യം ഒരുക്കുന്ന വിധം ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം പരിഷ്‌കരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. നിലവില്‍ ആഭ്യന്തര തലത്തില്‍ ഈ സംവിധാനം നിരവധി ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ അവലോകന യോഗത്തിലാണ് ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസം, പതിവായി ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കുള്ള തുക തുടങ്ങി നാട്ടിലെ വിവിധ ബില്‍ പേയ്‌മെന്റുകള്‍ വിദേശത്ത് നിന്ന് തന്നെ പ്രവാസികള്‍ക്ക് അടയ്ക്കാന്‍ കഴിയുന്ന വിധം സംവിധാനം പരിഷ്‌കരിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നാട്ടില്‍ പ്രവാസികളുടെ പണത്തെ ആശ്രയിച്ച് ജീവിക്കുന്ന ബന്ധുക്കള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.

നിലവില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്. ഇത് പ്രവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്നവിധം പരിഷ്‌കരിക്കാനാണ് തീരുമാനമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. സ്‌കൂള്‍, കോളജ് ഫീസ്, മറ്റു പതിവായുള്ള ബില്ലുകള്‍ എന്നിങ്ങനെ നാട്ടില്‍ വരുന്ന ചെലവുകള്‍ വിദേശത്ത് നിന്ന് തന്നെ പ്രവാസികള്‍ക്ക് അടയ്ക്കാന്‍ കഴിയും വിധം പ്ലാറ്റ്‌ഫോം പരിഷ്‌കരിക്കും. വീടുകളില്‍ പ്രവാസികളെ ആശ്രയിച്ച് കഴിയുന്ന മുതിര്‍ന്ന ബന്ധുക്കള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക എന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

ആര്‍ബിഐയാണ് ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം എന്ന ആശയത്തിന് രൂപം നല്‍കിയത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് നടപ്പാക്കിയത്. നിലവില്‍ 20000ലധികം ഉപയോക്താക്കള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. മാസംതോറും എട്ടു കോടിയിലധികം ഇടപാടുകളാണ് നടന്നുവരുന്നത്. പതിവായുള്ള ബില്ലുകള്‍ ഏതുസമയത്തും എവിടെ വച്ചും അടയ്ക്കാന്‍ കഴിയും വിധമാണ് സംവിധാനം.

എസ്എംഎസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ വഴി ഇടപാട് നടത്തിയതിന്റെ സ്ഥിരീകരണം ഉടന്‍ തന്നെ നല്‍കുന്ന വിധമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. വാട്ടര്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഗ്യാസ്, ടെലികോം, ഡിടിഎച്ച്, വൈദ്യുതി, വായ്പ തിരിച്ചടവ്, കേബിള്‍, ഫാസ് ടാഗ് റീച്ചാര്‍ജ്, സ്‌കൂള്‍, കോളജ് ഫീസ്, ക്രെഡിറ്റ് കാര്‍ഡ്, തുടങ്ങി വിവിധ ബില്ലുകള്‍ ഒരു കുടക്കീഴില്‍ നിന്ന് കൊണ്ട് തന്നെ അടയ്ക്കാന്‍ സൗകര്യം ഒരുക്കുന്നതാണ് ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here