ബെഗംളൂരു: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കര്‍ണാടകയില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വീട് മാത്രമാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശിക്കാനായെത്തിയത്. സന്ദര്‍ശന സമയത്ത് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തന് 25 ലക്ഷം രൂപയും മുഖ്യമന്ത്രി നല്‍കിയിരുന്നു.
ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഏകപക്ഷിയമായ മുഖ്യമന്ത്രിയുടെ സാമ്പത്തിക സഹായം ആര്‍ട്ടിക്കിള്‍ 14 ലംഘനമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദുരിധാശ്വാസനിധി പൊതുസ്വാത്താണെന്നും പാര്‍ട്ടി ഫണ്ട് അല്ലെന്നും മുസ്‌ലിം നേതാക്കള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന സമാധാനയോഗം മുസ്‌ലിം നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു. സര്‍ക്കാരിന്റെ വിവേചനപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണ നടപടി.
വിഷയത്തില്‍ ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ വിമര്‍ശനം ഇങ്ങനെയായിരുന്നു, ബൊമ്മൈ ബി.ജെ.പിയുടെ മുഖ്യമന്ത്രിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മാറണമെന്നുമായിരുന്നു.
പ്രതിഷേധം ശക്തമായതോടെ മസൂദ്, മുഹമ്മദ് ഫാസില്‍ എന്നിവരുടെ വീടുകള്‍ സാന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ തീരുമാനം. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈ 19 കാസര്‍ഗോഡ് മെഗ്രാല്‍പൂത്തൂര്‍ മുഹമ്മദ് മസൂദിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ദക്ഷിണകന്നഡ ജില്ലകളില്‍ അക്രമസംഭവങ്ങള്‍ തുടങ്ങിയത്. സംഭവത്തില്‍ ബജ്റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകരാണ് പിടിയിലായത്. തുടര്‍ന്ന് ജൂലൈ 26ന് സുള്ള്യ ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഫാസിലും കൊല്ലപ്പെട്ടത്. ഇതില്‍ മുഹമ്മദ് ഫാസിലും മസൂദും ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും അംഗങ്ങളല്ലായെന്ന് പൊലീസ് ശക്ഷ്യപ്പെടുത്തിയിരുന്നു.