നോക്കിയ പണികൊടുത്തു; സ്മാര്‍ട്‌ഫോണ്‍ വില്‍പന നിര്‍ത്തിവെച്ച് ഓപ്പോയും വണ്‍പ്ലസും

0
524

ര്‍മനിയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പന നിര്‍ത്തിവെച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായ ഓപ്പോയും വണ്‍പ്ലസും. നോക്കിയക്കെതിരായ ഒരു കേസില്‍ പരാജയപ്പെട്ടതോടെയാണ് ഇരു കമ്പനികളും രാജ്യത്തെ ഫോണ്‍ വില്‍പന നിര്‍ത്തിവെച്ചത്.

4ജി, 5ജി സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്ന തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതിക വിദ്യ ലൈസന്‍സില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് നോക്കിയ ഇരു കമ്പനികള്‍ക്കുമെതിരെ കേസ് നല്‍കിയിരുന്നു. ഈ കേസില്‍ നോക്കിയയ്ക്ക് അനുകൂലമായി വിധി പറഞ്ഞ കോടതി ഫോണ്‍ വില്‍പന നിര്‍ത്തിവെക്കാനുള്ള ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ സ്വാധീനമുള്ള ടെലികോം ഉപകരണ നിര്‍മാതാക്കളാണ് ഫിനിഷ് കമ്പനിയായ നോക്കിയ. ഇന്ത്യയിലും 5ജി നെറ്റ് വര്‍ക്ക് വിന്യസിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ നല്‍കുന്നതിന് നോക്കിയ ഇന്ത്യന്‍ ടെലികോം കമ്പനികളുമായി സഹകരിക്കുന്നുണ്ട്. അതേസമയം നോക്കിയ മൊബൈല്‍ ബ്രാന്‍ഡ് പക്ഷെ മറ്റൊരു ഫിന്‍ലന്‍ഡ് കമ്പനിയായ എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലാണ്.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഓപ്പോയും ഓപ്പോയുടെ ഉപ ബ്രാന്‍ഡായ വണ്‍പ്ലസും ജര്‍മനിയില്‍ ഫോണ്‍ വില്‍പന നിര്‍ത്തിവെച്ചത്. കമ്പനികളുടെ വെബ്‌സൈറ്റുകളിലും മാറ്റം വരുത്തി.

ഓപ്പോയുടെയും വണ്‍പ്ലസിന്റേയും ജര്‍മന്‍ വെബ്‌സൈറ്റില്‍ നിന്നും ഫോണുകളും സ്മാര്‍ട് വാച്ചുകളും ഉള്‍പ്പടെയുള്ള ഉപകരണങ്ങളുടെ വിവരങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ മറ്റ് വഴികളിലൂടെ സൈറ്റിലെ ഉപകരണങ്ങളുടെ പേജില്‍ എത്തിയാലും അവ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ‘error’ സന്ദേശമാണ് കാണുക.

ഫോണ്‍ വില്‍പന നിര്‍ത്തിവെച്ചവിവരം കമ്പനികള്‍ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കേസിനാസ്പദമായ സാങ്കേതിക വിദ്യകളുടെ കരാര്‍ പുതുക്കുന്നതിന് വേണ്ടി അന്യായമായ വന്‍തുകയാണ് നോക്കിയ ആവശ്യപ്പെടുന്നത് എന്നാണ് ഓപ്പോ അധികൃതര്‍ ആരോപിക്കുന്നതെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഉപയോഗത്തിലുള്ള ഓപ്പോ, വണ്‍പ്ലസ് ഫോണുകളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിടില്ല. മറ്റ് റീസെല്ലര്‍മാര്‍ വഴി ഫോണുകള്‍ തുടര്‍ന്നും വാങ്ങാന്‍ സാധിച്ചേക്കും. ഇന്ത്യ പോലുള്ള വിപണികളില്‍ വമ്പന്മാരാണെങ്കിലും യൂറോപ്യന്‍ വിപണിയില്‍ ഈ ബ്രാന്‍ഡുകള്‍ക്ക് പിന്നിലാണ്. സാംസങ്, ആപ്പിള്‍, ഷാവോമി തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇവിടെ മുന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here