നാളെ കറന്‍റ് പോയാല്‍ എന്തു ചെയ്യും? കെഎസ്ഇബിയില്‍ വിളിക്കേണ്ട; അവിടെ ആരും കാണില്ല!

0
364

സാധാരണ ഗതിയിൽ കറന്‍റ്  പോയാല്‍ എല്ലാവരും എന്താ ആദ്യം ചെയ്യുക. അടുത്ത വീട്ടില്‍ ലൈറ്റ് ഉണ്ടോയെന്ന് നോക്കും. പിന്നെ കെഎസ്ഇബിയില്‍ വിളിച്ച് പരാതി പറയും. എന്നിട്ടും കാര്യമുണ്ടായില്ലേല്‍ ഒരിക്കല്‍ കൂടി വിളിക്കും, രോഷമറിയിക്കും. ഇതിന് ശേഷവും തിരിഞ്ഞു നോക്കാതിരുന്നാല്‍ കെഎസ്ഇബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമറിയിച്ച് ഒരു പോസ്റ്റും ഇട്ടേക്കാം. എന്നാല്‍, നാളെ കറന്‍റ് പോയാല്‍ എന്ത് ചെയ്യും? ഇരുട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നേക്കും എന്നേ പറയാനുള്ളൂ.

വൈദ്യുതി മേഖലയിൽ നാളെ തൊഴിലാളി യൂണിയനുകൾ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ പൂർണമായും ജോലിയിൽ നിന്ന് വിട്ടുനിന്നുള്ള സമരമാണ് തൊഴിലാളി യൂണിയനുകൾ നടത്തുന്നത്.  അല്ലെങ്കിലേ മഴയും കാറ്റുമൊക്കെയാണ്,  അതിനിടയ്ക്ക് സമരം കൂടിയാകുമ്പോൾ ഇരുട്ടിലാകുമോ എന്ന ചങ്കിടിപ്പിലാണ് ജനങ്ങള്‍.

സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ സ്ഥിരമായി കാണുന്ന യൂണിയനുകളും ബോർഡും തമ്മിലുള്ള തൊഴുത്തിൽക്കുത്തിന്റെ ഭാഗമായുള്ള ചിതറിയ സമരമല്ല ഇത്തവണ നടക്കുന്നത്. തൊഴിലാളി യൂണിയനുകൾ ഒന്നിച്ചിറങ്ങുന്ന സമീപകാലത്തുണ്ടായ ഏറ്റവും വലിയ സമരമാണ് വൈദ്യുതി മേഖലയിൽ നാളെ നടക്കാനിരിക്കുന്നത്.  കേന്ദ്രം ഏറെക്കാലമായി നടപ്പാക്കാൻ വഴികൾ തേടുന്ന വൈദ്യുതി നിയമഭേദഗതി വർഷകാല സമ്മേളനത്തിൽ നാളെ പാർലമെന്‍റിലെത്തുന്നതാണ് സമര കാരണം.

സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എസ്ടിയു, അങ്ങനെ ബിഎംഎസ് ഒഴികെയുള്ള സംഘടനകളെല്ലാം ചേർന്നാണ് നാളെ രാജ്യവ്യാപകമായി ജോലിയിൽ നിന്ന് വിട്ടുനിന്ന് സമരം ചെയ്യുന്നത്.  ദേശീയതലത്തിൽ രൂപം നൽകിയ നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനിയേഴ്സ് ആണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ലൈൻ പൊട്ടി വീഴുന്നത് ഉദാഹരണമായെടുത്താൽ ഇത്തരം അത്യാഹിതങ്ങളുണ്ടാകുന്ന ഘട്ടങ്ങളിലൊഴികെ മറ്റൊന്നിനു വേണ്ടിയും നാളെ ജോലിക്കിറങ്ങുകയില്ലെന്നാണ് താഴെത്തട്ടിലെ ജീവനക്കാർ മുതൽ ഉദ്യോഗസ്ഥർ വരെ തീരുമാനിച്ചിരിക്കുന്നത്.  വൈദ്യുതി  ഉൽപ്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള  ഓഫീസ് ജോലികൾ എല്ലാം തടസ്സപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചുരുക്കം പറഞ്ഞാൽ വൈദ്യുതിമേഖല കേരളത്തിൽ നാളെ സ്തംഭിക്കുമെന്നർത്ഥം.

വൈദ്യുതി നിയമ ഭേദഗതി നാളെ പാർലമെന്‍റില്‍

തൊഴിലാളി സംഘടനകൾ എക്കാലവുമെതിർക്കുന്ന വൈദ്യുതി നിയമഭേദഗതി നാളെ പാർലമെന്റിൽ കൊണ്ടു വരുമെന്നാണ് എല്ലാ സൂചനകളും.  വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് കൂടി അവസരം നൽകുന്നതാണ് ബില്ലെന്നതാണ് യൂണിയനുകൾ ഉയർത്തുന്ന കാതലായ പ്രശ്നം. വിതരണാവകാശത്തിനായി മതിയായ രേഖകൾ സഹിതം സ്വകാര്യ കമ്പനികൾ അപേക്ഷിച്ചാൽ എതിർക്കുന്നതിന് റെഗുലേറ്ററി കമ്മിഷനും പരിമിതികളുണ്ട്.

കേരളത്തിൽ നിലവിൽ പൊതുമേഖലാ കമ്പനിയായ  കെഎസ്ഇബിയാണ് വൈദ്യുതിവിതരണ രംഗത്തെ കുത്തക.  സ്വാഭാവികമായും സ്വകാര്യ വൈദ്യുത വിതരണ കമ്പനികളെത്തിയാൽ തുടക്കത്തിലെങ്കിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകി ഉപഭോക്താക്കളെ പിടിച്ചാൽ കെഎസ്ഇബിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും. സഞ്ചിത നഷ്ടവും വാർഷിക നഷ്ടവുമെല്ലാം ചേർന്ന് പിടിച്ചുനിൽക്കാൻ പാടുപെടുന്ന കെഎസ്ഇബിയുടെ കാൽച്ചുവട്ടിലെ മണ്ണ് കൂടുതലിളകും.

നഗരമേഖലകളിലും വ്യാവസായിക ഉപഭോക്താക്കളിലും കൂടിയ നിരക്ക് ഈടാക്കി, ഗാർഹിക ഉപഭോക്താക്കൾക്കും ഇളവ് വേണ്ടവർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുകയാണ് ഇപ്പോൾ കെഎസ്ഇബി ചെയ്യുന്നത്.  ബില്ല് നടപ്പായി, നഗരമേഖലകളിൽ സ്വകാര്യ കമ്പനികൾ ആധിപത്യം സ്ഥാപിച്ചാൽ സ്വാഭാവികമായും സബ്സിഡി, ഇളവുകൾ ഉൾപ്പടെ എല്ലാം തകരുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

പരിഷ്കരണം വേണ്ടേ?

കാലങ്ങളായി നടത്തുന്ന പരിഷ്കരണത്തിനായുള്ള ശ്രമം ഉപേക്ഷിക്കണോയെന്നതാണ് അപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. വിതരണ മേഖലയിൽ മത്സരം കൊണ്ടു വരികയെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.  രാജ്യത്താകെയുള്ള സാഹചര്യം നോക്കുമ്പോൾ കൂടുതൽ മൂലധന നിക്ഷേപമെത്തി വൈദ്യുതി ശൃംഖല വിപുലീകരിക്കപ്പെടേണ്ടതുണ്ടെന്നത് സത്യമാണ്. പക്ഷെ അതിന് സ്വീകരിച്ച വഴിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേരളമാകട്ടെ  ഇതിനോടകം വൈദ്യുത കണക്റ്റിവിറ്റിയുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്.  ഈ ശൃംഖല ഇനി വരുന്ന സ്വകാര്യ കമ്പനികൾക്ക് മുതൽമുടക്കില്ലാതെ ഉപയോഗിക്കാനാകുമെന്നതാണ് സാഹചര്യം. പരിപാലനം, തുടർസേവനങ്ങൾ, ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തം, നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here