നടപ്പുസാമ്പത്തിക വർഷത്തിന്‍റെ ആദ്യ നാലു മാസങ്ങളിൽ ഇന്ത്യയിലെ ദേശീയപാതാ നിർമാണത്തിന്റെ വേഗത കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്രതിദിനം 20.43 കിലോമീറ്ററായി കുറഞ്ഞുവെന്ന് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) കണക്കുകൾ വെളിപ്പെടുത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2020-21ൽ രജിസ്റ്റർ ചെയ്‍ത പ്രതിദിന റോഡ് നിർമ്മാണ വേഗത 37 കിലോമീറ്റർ ആണ്. ഈ കണക്കുകളുമായി താരത്യമപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം വേഗത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് -19 പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട തടസങ്ങളും രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പതിവിലും ദൈർഘ്യമേറിയ മൺസൂണും കാരണം ദേശീയ പാത നിർമ്മാണത്തിന്റെ വേഗത 2021-22ലും പ്രതിദിനം 28.64 കിലോമീറ്ററായി കുറഞ്ഞിരുന്നു.
2021-22 ഏപ്രിൽ-ജൂലൈ കാലയളവിൽ 2,927 കിലോമീറ്റർ നിർമ്മിച്ചപ്പോൾ, 2022-23 ഏപ്രിൽ-ജൂലൈ കാലയളവിൽ 2,493 കിലോമീറ്റർ ദേശീയ പാതകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്നും റോഡ് നിർമ്മാണത്തിന്റെ നിലവിലെ വേഗത കുറഞ്ഞതായി റോഡ് ഗതാഗത മന്ത്രാലയം പറയുന്നു. മുൻവർഷത്തെ 2,434 കിലോമീറ്റർ റോഡ് പദ്ധതികളെ അപേക്ഷിച്ച് 2022 ഏപ്രിൽ-ജൂലൈ കാലയളവിൽ 1,975 കിലോമീറ്റർ റോഡ് പദ്ധതികൾ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.
നടപ്പുസാമ്പത്തിക വർഷം 12,000 കിലോമീറ്ററാണ് ഹൈവേ നിർമാണത്തിന്റെ ഔദ്യോഗിക ലക്ഷ്യം. 2019-20ൽ 10,237 കിലോമീറ്ററും 2020-21ൽ 13,327 കിലോമീറ്ററും 2021-22ൽ 10,457 കിലോമീറ്ററും ദേശീയ പാതകൾ നിർമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തുടനീളമുള്ള ദേശീയ പാതകളുടെയും എക്‌സ്പ്രസ് വേകളുടെയും നിർമ്മാണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും (NHIDCL) ആണ്.
അതേസമയം ഈ ജൂണ്‍ മാസത്തില്‍ അഞ്ച് ദിവസത്തിനുള്ളിൽ എൻഎച്ച്-53 ല്‍ 75 കിലോമീറ്റർ റോഡ് നിര്‍മ്മിച്ച് രാജ്യം ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരുന്നു. തുടർച്ചയായ ബിറ്റുമിനസ് കോൺക്രീറ്റ് നിർമിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിലാണ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
രാജ്പുത് ഇൻഫ്രാക്കോൺ എന്ന സ്വകാര്യ കരാറുകാരനാണ് ഈ ഭാഗം നിർമിച്ചത്. അമരാവതി-അകോല ഹൈവേയിലെ ഈ ഭാഗത്തിന്‍റെ നിര്‍മ്മാണം ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച് ചൊവ്വാഴ്ച പൂർത്തിയായി. ദേശീയപാത-53 ഹൈവേ ഇന്ത്യയിലെ ധാതു നിക്ഷേപ പ്രദേശങ്ങളയും ഇതിന്‍റെ അനുബന്ധ പട്ടണങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നു പോകുന്നത്. കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു.
2019 ഫെബ്രുവരി 27 ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി ആയിരുന്നു റോഡ് നിര്‍മ്മാണത്തിലെ ലോക റെക്കോർഡ് നേടിയത്. റോഡ് അൽ-ഖോർ എക്‌സ്‌പ്രസ് വേയുടെ ഭാഗമായിരുന്നു റോഡ് അന്ന് പൂർത്തിയാക്കാൻ 10 ദിവസമെടുത്തു. 800 ഓളം ജീവനക്കാരും 700 തൊഴിലാളികളും സ്ട്രെച്ചിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ രാജ്പുത് ഇൻഫ്രാക്കോൺ 24 മണിക്കൂർ കൊണ്ട് സാംഗ്ലിക്കും സത്താറയ്ക്കും ഇടയിൽ റോഡ് നിർമ്മിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.