ചൂടുവെള്ളം ഒഴിച്ച് തള്ളവിരൽ പൊള്ളിച്ച് തൊലി ഉരിഞ്ഞുമാറ്റി, റെയിൽവേ പരീക്ഷ ജയിക്കാൻ ഉദ്യോഗാർത്ഥിയുടെ കടുംകെെ

0
269

വഡോദര: റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർത്ഥി നടത്തിയ തട്ടിപ്പ് അധികൃതർ കെെയോടെ പിടിച്ചു. മനീഷ് കുമാർ എന്ന ബീഹാർ സ്വദേശി മറ്റൊരാളെ തനിക്ക് പകരം പരീക്ഷയ്ക്ക് പറഞ്ഞുവിടുകയായിരുന്നു.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷയ്ക്ക് ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമായിരുന്നു. മനീഷ് കുമാർ ശംബുനാഥ് (26) എന്ന ഉദ്യോഗാർത്ഥി രാജ്യഗുരു ഗുപ്‌ത എന്നയാളെ ആൾ മാറാട്ടം നടത്തി പരീക്ഷ എഴുതാൻ എത്തിക്കുകയായിരുന്നു. ബയോമെട്രിക് പരിശോധന കടക്കാൻ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് പകരക്കാരന് വച്ചുപിടിപ്പിച്ചു.

മിടുക്കനായ രാജ്യഗുരു പരീക്ഷയെഴുതിയാൽ തനിക്കു ജോലി ഉറപ്പാണെന്ന് മനീഷ് കരുതി. പരീക്ഷയ്‌ക്കെത്തിയ രാജ്യഗുരുവിന്റെ ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ശരിയായില്ല. പരീക്ഷാ കേന്ദ്രത്തിലെ ഇൻവിജിലേറ്റർ സാനിറ്റൈസർ ഉപയോഗിച്ച് ഇയാളുടെ ഇടത് തള്ളവിരൽ വൃത്തിയാക്കിയപ്പോഴാണ് ആൾമാറാട്ടം നടന്ന വിവരം അറിഞ്ഞത്. ഉടനെ അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രാജ്യഗുരു മനീഷിന്റെ പേര് പറഞ്ഞത്.

ഗുജറാത്തിലെ ലക്ഷ്‌മിപുരയിൽ നടത്തിയ റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് ശ്രമം നടന്നത്. ചൂടാക്കിയ പാത്രത്തിൽ വിരൽവച്ചു പൊള്ളിച്ചാണ് മനീഷ് തന്റെ കൈവിരലിലെ തൊലി വേർപെടുത്തിയത്. തട്ടിപ്പിന് പിന്നിൽ കൂടൂതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here