ക്ലീൻ കാസർകോട്: പോലീസ് നടപടി ശക്തമാക്കിയതോടെ ജില്ലയിലെ ജയിലുകൾ നിറഞ്ഞു

0
271

കാസർകോട് : ക്ലീൻ കാസർകോടിന്റെ ഭാഗമായി പോലീസ് നടപടി ശക്തമാക്കിയതോടെ ജില്ലയിലെ ജയിലുകൾ നിറഞ്ഞു. ജില്ലയിൽനിന്ന് തടവുകാരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിത്തുടങ്ങി. പരിധിക്കും മുകളിൽ ആയതിനാൽ ബുധനാഴ്ച കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽനിന്ന് 10 തടവുകാരെ കണ്ണൂരിലേക്ക് മാറ്റി.

പോലീസ് മയക്കുമരുന്നുവേട്ട ശക്തമാക്കിയതോടെയാണ് ജയിലുകളിൽ നിൽക്കാനും ഇരിക്കാനും സ്ഥലമില്ലാതായത്. മയക്കുമരുന്ന് (എൻ.ഡി.പി.എസ്.) കേസിലെ പ്രതികൾ ആറുമാസം റിമാൻഡ് കാലാവധി പൂർത്തിയാക്കിയാൽ മാത്രമേ ജാമ്യാപേക്ഷ പോലും പരിഗണിക്കപ്പെടുകയുള്ളു. പരിമിതമായ സ്ഥലത്ത് ഏറിയ അളവിൽ തടവുകാരെ പാർപ്പിക്കുന്നത് ജയിൽ സുരക്ഷയെ ബാധിക്കാൻ സാധ്യതയുണ്ട്. താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളിൽ പെട്ട് റിമാൻഡിൽ കഴിയുന്നവരും മയക്കുമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്നവരും അടുത്തിടപഴകുന്നത് കുറ്റകൃത്യങ്ങളുടെ വ്യാപനത്തിന് വഴിവെക്കുമെന്നും ആശങ്കയുണ്ട്.

അംഗീകൃത പാർപ്പിടശേഷി 42 മാത്രമുള്ള ഹൊസ്ദുർഗ് ജില്ലാ ജയിലിൽ നിലവിൽ 77 പേരെയാണ് പാർപ്പിക്കുന്നത്. അതിൽ പത്തുപേരെയാണ് കണ്ണൂരിലേക്ക് മാറ്റിയത്. 26 പ്രതികളെ പാർപ്പിക്കാൻ ശേഷിയുള്ള കാസർകോട് സ്‌പെഷ്യൽ സബ് ജയിലിൽ 85 പ്രതികളാണുള്ളത്. ചീമേനിയിൽ തുറന്ന ജയിൽ ഉണ്ടെങ്കിലും അവിടെ റിമാൻഡ് പ്രതികളെ പ്രവേശിപ്പിക്കാൻ നിർവാഹമില്ല. ജില്ലാ ജയിലിന് ബട്ടത്തൂരിൽ അഞ്ചേക്കർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നെങ്കിലും നടപടി നീളുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here