കൊടുംക്രിമിനലിന്റെ വാഹനത്തെ പിന്തുടർന്നു പൊലീസ്, ആഡംബര വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് പൊലീസുകാരി; അന്വേഷണം

0
302

പത്തനംതിട്ട; നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടർന്ന പൊലീസിനു മുന്നിൽപ്പെട്ടത് വനിതാ പൊലീസ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാ​ഹനത്തെ സാഹസികമായി പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉണ്ണിയുടെ വണ്ടിയിൽ നിന്ന് ഇറങ്ങിയതാവട്ടെ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയും.

തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് പൊലീസ് മനസിലാക്കി. ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പൊലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു. കോളജ് ജങ്ഷനില്‍വെച്ച് നാല് വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പൊലീസും പിന്നാലെ കൂടി. എന്നാല്‍ റോഡ് തീര്‍ന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ഉണ്ണിയുടെ ജീപ്പില്‍ നിന്നിറങ്ങിവന്ന വനിതയെ കണ്ട പൊലീസ് അയാള്‍ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നായിരുന്നു മറുപടി. പിന്നീടാണ് മുണ്ടക്കയം പൊലീസിന് ഇവര്‍ പത്തനംതിട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണെന്ന് മനസ്സിലായത്. ഇവരിൽ നിന്ന് മേലുദ്യോ​ഗസ്ഥ വിശദീകരണം തേടി. പത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പൊലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച് നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുെട വിശദീകരണം. തന്റെ വാഹനത്തില്‍ തട്ടിയ ഉണ്ണിയേയും കൂട്ടി പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നെന്ന് ഇവര്‍ പറഞ്ഞതായും വിവരമുണ്ട്. മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here