കുഞ്ഞ് ജനിച്ചിട്ട് വെറും 20 ദിവസം; കുരുന്നിനെ കാണാനെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു, ഞെട്ടി നാട്

0
422

തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ഭര്‍ത്താവിന്‍റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ മരിച്ച സംഭവത്തിന്‍റെ ആഘാതത്തില്‍ നാടും നാട്ടുകാരും. തളിക്കുളം നമ്പിക്കടവില്‍ ഹഷിതയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് മുഹമ്മദ് ആഷിഫിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഇതിന് ശേഷം നമ്പിക്കടവിലെ വീട്ടിലാണ് കഴിഞ്ഞിരുന്നു. പ്രസവശേഷം വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയപ്പോഴായിരുന്നു ഭര്‍ത്താവിന്‍റെ ആക്രമണം.

ഗുരുതരമായി പരിക്കേറ്റ ഹഷിത ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 20ന് വൈകിട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. മുഹമ്മദ് ആഷിഫ് ബന്ധുക്കളുമായാണ് ഭാര്യവീട്ടിലെത്തിയത്.

ഭാര്യയെയും നവജാത ശിശുവിനെയും കണ്ടശേഷം ബന്ധുക്കള്‍ പുറത്തിറങ്ങി. ഭാര്യയുടെ മുറിയില്‍ കയറി ആഷിഫ് വാതിലടച്ചു. കുറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യാപിതാവ് നൂറുദ്ദീന്‍ കതകില്‍ തട്ടി. കതക് തുറന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന മകളെയായിരുന്നു. അകത്തുകടന്ന നൂറുദ്ദീനെയും ആഷിഫ് ആക്രമിച്ചു. നൂറുദ്ദീന്‍റെ ഭാര്യയ്ക്കും പരിക്കേറ്റു. സംഭവത്തിനുശേഷം സ്നേഹതീരം ബീച്ചിന്‍റെ ഭാഗത്തേക്ക് ആഷിഫ് ഓടിപ്പോയി.

പരിക്കേറ്റ മൂന്നുപേരെയും ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹഷിതയെ രക്ഷിക്കാനായില്ല. ഹഷിതയുടെ പിതാവ് അപകടനില തരണം ചെയ്തു. പ്രതി ലഹരി മരുന്നിന് അടിയയായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതക കാരണം കുടുംബ വഴക്കെന്നാണ് ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന മൊഴി.

അതേസമയം, ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ആസിഡ് കുടിച്ച് ഭാര്യ ആത്മഹത്യ ചെയ്ത വാർത്തയും കേരളത്തിന്റെ നെഞ്ച് പൊള്ളിക്കുകയാണ്. ഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷും അപര്‍ണയുമാണ് ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് വലിയമല പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പായിരുന്നു രാജേഷിന്‍റേയും അപര്‍ണയുടേയും പ്രണയ വിവാഹം. ഇരുവരുടേയും വീടുകൾ തമ്മിൽ 100 മീറ്ററിൽ താഴെ മാത്രം ദൂരമേ ഉണ്ടായിരുന്നുള്ളൂ.

ഒരാഴ്ചയായി ഇരുവരും തമ്മിൽ സൗന്ദര്യ പിണക്കത്തിലായിരുന്നു. ഇതോടെ തൊട്ടടുത്തുള്ള തറവാട്ടിലേക്ക് അപര്‍ണ മകളുമൊത്ത് മാറിത്താമസിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അപര്‍ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയേയും മകളേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ അപര്‍ണ വിസമ്മതിച്ചു. ഇതിന്‍റെ നിരാശയിൽ വീട്ടിലെത്തിയ രാജേഷ് രാത്രി മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ പത്തരയോടെയാണ് രാജേഷിന്‍റെ മരണ വാര്‍ത്ത അപര്‍ണ അറിഞ്ഞത്.

ഉടൻ തന്നെ തറവാട്ടില്‍ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്നലെ ഒരുമണിയോടെ അപര്‍ണയും മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിനിടെ അച്ഛനും അമ്മയും മരിച്ചതോടെ മൂന്നര വയസുകാരി ലച്ചു അനാഥയായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here