കാൽനടയായി ഹജ്ജിന് മക്കയിലേക്ക് തിരിച്ച ശിഹാബിന്റെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു

0
373

തിരുവനന്തപുരം:  മലപ്പുറത്തു നിന്ന് തുടങ്ങി കാൽനടയായി ഹജ്ജിന് മക്കയിലേക്ക് യാത്ര തുടങ്ങിയ ശിഹാബ് ചോറ്റൂരിന്‍റെ ഹാക്ക് ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു.  26 ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്.  ഔദ്യോഗികമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അധികൃതരുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് പേജ് തിരിച്ചുവന്നതെന്ന് ശിഹാബിന്റെ പേജ് കൈകാര്യം ചെയ്യുന്നവർ അറിയിച്ചു.

ജൂണ്‍ രണ്ടിനാണ് ഷിഹാബ് മലപ്പുറത്ത് നിന്നും യാത്ര തുടങ്ങിയത് അദ്ദേഹം നടന്ന് പിന്നിട്ട സംസ്ഥാനങ്ങളിലെ വീഡിയോകളും മറ്റും പങ്കുവച്ചത് ഈ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലായിരുന്നു. ശിഹാബ് ചൊറ്റൂര്‍ ഒഫീഷ്യല്‍ എന്ന അക്കൌണ്ടില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷിഹാബിന്‍റെ അല്ലാത്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയായിരുന്നു. ‘ഓണ്‍ലി സൂപ്പര്‍കാര്‍’ എന്നാണ് ബയോയില്‍ ചേര്‍ത്തിരുന്നത്. ഏതാണ്ട് ആറോളം ചിത്രങ്ങളും ചില വിദേശികള്‍ കാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതോടെയാണ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്ന് വ്യക്തമായത്.

തിങ്കളാഴ്ച രാവിലെയോടെ അക്കൌണ്ടിലെ മുഴുവന്‍ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യപ്പെടുകയായിരുന്നു. പിന്നാലെ വൈക്കിംഗ്സ് എന്ന സീരിസിലെ ഒരു വീഡിയോയാണ് അക്കൌണ്ടില്‍ ഉള്ളത്. യാത്രയിലുടനീളം വലിയ സ്വീകരണം ഏറ്റുവാങ്ങിയ ശിഹാബിന് വേണ്ടി,  ഫോളോവേര്‍സ് ഹാക്കറോട് അക്കൌണ്ട് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുന്ന നിരവധി കമന്റുകൾ എത്തിയിരുന്നു.

ഹാക്കർ പോസ്റ്റിൽ പലരും,  ഹാക്കറോട് ഷിഹാബിന്‍റെ അക്കൌണ്ട് തിരിച്ചുനല്‍കണം എന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. വിദേശ ഹാക്കര്‍മാരായിരിക്കാം ഇതിന് പിന്നില്‍ എന്നാണ് വിവരം. നേരത്തെ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ അരമണക്കൂറില്‍  അക്കൌണ്ട് തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നുവെന്നും ശിഹാബുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.  2023ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് ഷിഹാബ് യാത്ര ആരംഭിച്ചത്.

ജൂണ്‍ രണ്ടി തുടങ്ങിയ യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ യാത്ര രാജസ്ഥാനിലാണ് ഉള്ളത്.  യാത്രയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമാണ്.  വാഗാ അതിര്‍ത്തി വഴി പാകിസ്താനില്‍ എത്തി ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുകയാണ് ചെയ്യുക. ഇതിനായി അഞ്ച് രാജ്യങ്ങളിലേക്കുള്ള വിസ എടുത്ത ശേഷമാണ് ശിഹാബിന്റെ യാത്ര.

 

 

LEAVE A REPLY

Please enter your comment!
Please enter your name here