റിയാദ്: ജൂലായ് 30ന് ഇസ്ലാമിക പുതുവര്‍ഷം ആരംഭിച്ചത് മുതല്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ലക്ഷത്തിലധികം ഉംറ തീര്‍ത്ഥാടകര്‍ എത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 29 വരെ 1,01,109 തീര്‍ഥാടകര്‍ പുണ്യനഗരിയിലെത്തിയിട്ടുണ്ട്. 5,452 പേര്‍ ഞായറാഴ്ച മാത്രം മദീന വിമാനത്താവളത്തില്‍ എത്തി.
ജൂലായ് 30 മുതല്‍ വിമാനമാര്‍ഗം 2,68,529 തീര്‍ഥാടകരും കരമാര്‍ഗം 29,689 പേരും രാജ്യത്ത് എത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ജൂലായ് 30 മുതല്‍ ഇന്നുവരെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഉംറക്കെത്തിയത് ഇന്തോനേഷ്യയില്‍നിന്നാണ്. 1,27,789 തീര്‍ത്ഥാടകര്‍ ഇന്തോനേഷ്യയില്‍നിന്നെത്തി ഉംറ നിര്‍വഹിച്ചു. പാകിസ്ഥാന്‍ 90,253 പേര്‍, ഇന്ത്യ 54,287 പേര്‍, ഇറാഖില്‍ നിന്ന് 36,457 പേര്‍, യെമനില്‍ നിന്ന് 22,224 പേര്‍, ജോര്‍ദാനില്‍ നിന്ന് 12,959 പേര്‍ എന്നിങ്ങനെയാണ് ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉംറക്കെത്തിയത്.
മക്കയിലെ വിശുദ്ധ ഹറമിലെ ഉംറ തീര്‍ഥാടകര്‍ക്കും മദീനയിലെ പ്രവാചക മസ്ജിദിലെ സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ഇരു ഹറം കാര്യാലയം വലിയ ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ പറഞ്ഞു.