കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റവിട നസീറടക്കം രണ്ടു പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവ്

0
225

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് കൊച്ചി എന്‍.ഐ.എ കോടതി ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ തജുദ്ദീന് ആറുവര്‍ഷത്തെ തടവും വിധിച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കേസിലെ അഞ്ചാം പ്രതിയായ കെ.എ അനൂപിന് ആറ് വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും നേരത്തെ വിധിച്ചിരുന്നു. തടിയന്റവിട നസീര്‍, സൂഫിയ മഅ്ദനി ഉള്‍പ്പെടെ 13 പേരായിരുന്നു കേസില്‍ വിചാരണ നേരിട്ടിരുന്നത്.

2005 സെപ്തംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് രാത്രിയോടെ പ്രതികള്‍ തട്ടിയെടുത്ത് കളമശേരി എച്ച്.എം.ടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ശേഷം അഗ്‌നിക്കിരയാക്കി എന്നാണ് കേസ്. നേരത്തെ സ്ഫോടനക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ബസ് കത്തിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2009ല്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിലായിരുന്ന അനൂപിനെ 2016ലാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here