തന്റെ മേലുദ്യോഗസ്ഥനോട് അവധി ആവശ്യപ്പെട്ടുകൊണ്ട് ഉത്തർ പ്രദേശിലെ പൊലീസ് കോൺസ്റ്റബിൾ എഴുതിയ അവധി അപേക്ഷയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ വാർത്തകളിൽ ഒന്ന്. യു.പിയിലെ ബല്ലിയയിൽ ആണ് സംഭവം. വിവാഹം കഴിഞ്ഞ് ഏഴ് മാസമായെന്നും ഇതുവരെ ഒരു ‘നല്ല വാർത്ത’ ലഭിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ അവധി അപേക്ഷയിൽ പറയുന്നു. അതിനാൽ ദയവായി 15 ദിവസത്തെ ലീവ് തരൂ എന്നും കോൺസ്റ്റബിൾ തന്റെ ഓഫീസറോട് ചോദിക്കുന്നുണ്ട്. അവധി അപേക്ഷിച്ചു കൊണ്ടുള്ള കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
ഗോരഖ്പൂരിലെ പൊലീസ് കോൺസ്റ്റബിളാണ് അപേക്ഷക്ക് പിന്നിൽ. ‘സർ, വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസമായി. ഇതുവരെ നല്ല വാർത്ത ലഭിച്ചിട്ടില്ല. ഡോക്ടറുടെ ഉപദേശപ്രകാരം മരുന്ന് കഴിച്ചു. ഭാര്യയോട് ഒപ്പം ഇനി ജീവിക്കണം. അതിനാൽ, സർ, 15 ദിവസത്തെ അവധി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു’ -കത്തിൽ പറയുന്നു. കത്ത് ഉത്തർപ്രദേശ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലും സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്.
പല പൊലീസുകാർക്കും 24 മണിക്കൂറും ഡ്യൂട്ടിയും ജോലി സമ്മർദ്ദവും ഉണ്ട്. ജോലി സമ്മർദ്ദം കാരണം ഒരു പൊലീസുകാരന് കുടുംബത്തിൽ നടക്കുന്ന വിവാഹത്തിനോ മറ്റ് ചടങ്ങുകളിലോ പങ്കെടുക്കാൻ അവധി ലഭിക്കുന്നില്ല. പൊലീസ് ജോലിയിൽ ഒരു മനുഷ്യന് തന്റെ ജീവിതം കൂടുതൽ ആസ്വദിക്കാൻ കഴിയില്ല. അവൻ എല്ലാ സമയത്തും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം. ഈ സാഹചര്യത്തിൽ വനിതാ പൊലീസ് ഏറെ ബുദ്ധിമുട്ടുകയാണ്. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ലീവ് ലഭ്യമല്ലാത്തതിനാൽ, ആളുകൾ പലപ്പോഴും ജോലി ഉപേക്ഷിക്കുകയോ ആത്മഹത്യ പോലുള്ള ഗുരുതരമായ നടപടി സ്വീകരിക്കുകയോ ചെയ്യുന്നു. പൊലീസുകാർ തന്നെ പറയുന്നു.