ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കുന്നു: ഒരുങ്ങി കമ്പനി

0
226

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ നിർമാണം തുടങ്ങുക. അടുത്ത മാസമാണ് ഐഫോൺ 14 ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക.

ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനു പുതിയ ഫോണുകൾ നിർമിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനുമായി കമ്പനി ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി വിതരണക്കാരെ പലകുറി കമ്പനി സമീപിച്ചിരുന്നു. ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണി ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ നീക്കങ്ങൾ. മോഡലുകൾക്കുള്ള ഉയർന്ന വിലയാണ് ഐഫോണിനെ സാധാരണക്കാരിൽ നിന്നും അകറ്റിനിർത്തുന്നത്.

സെപ്റ്റംബറിൽ നടക്കുന്ന ആപ്പിൾ ഇവന്റിൽ പുതിയ ഐഫോൺ പതിപ്പ് പുറത്തിറക്കുമെന്നാണ് വിവരം. പതിവ് പോലെ ഫോണിന്റെ ഡിസൈൻ, സവിശേഷതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഐഫോൺ 14 സെപ്റ്റംബർ ആറിനോ, സെപ്റ്റംബർ 13 നോ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വരുന്ന ഐഫോൺ 14 ശ്രേണിയുടെ വില സംബന്ധിച്ച് ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമൻ നേരത്തെ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഐഫോൺ 14 പ്രോയ്ക്ക് 1099 ഡോളർ (87335.99 രൂപ) വിലയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഐഫോൺ 13 പ്രോയുടെ വിലയിൽ നിന്ന് 100 ഡോളർ (7946.86) കൂടുതലാണിത്. ഐഫോൺ 14 പ്രോ മാക്സിന്റെ വില 1199 ഡോളർ (95282.85 രൂപ). അതേസമയം ഐഫോൺ 14 ന് വില 799 ഡോളർ (63495.41 രൂപ) ആയിരിക്കും എന്നും ഗുർമൻ സൂചന നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here