ഏഷ്യാ കപ്പ്: ഹോങ്കോങിനെതിരെ റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ആര് പുറത്താവും; ഇന്ത്യയുടെ സാധ്യതാ ടീം

0
249

ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ നാളെ ഹോങ്കോങിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഏതാനും മാറ്റങ്ങള്‍ ഉറപ്പ്. ഓപ്പണര്‍ സ്ഥാനത്ത്  കെ എല്‍ രാഹുല്‍ തുടരുമോ എന്നാണ് പ്രധാന ആകാംക്ഷ. രാഹുലിന് പകരം പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന റിഷഭ് പന്തിനെ വീണ്ടും ഓപ്പണറാക്കി ഒരു പരീക്ഷണത്തിന് ഇന്ത്യ മുതിരുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

അന്തിമ ഇലവനില്‍ റിഷഭ് പന്തിനെ വേണോ ദിനേശ് കാര്‍ത്തിക്കിനെ വേണോ കളിപ്പിക്കാന്‍ എന്നതും ഇന്ത്യയുടെ ആശയക്കുഴപ്പമാണ്. ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി തിളങ്ങിയ കാര്‍ത്തിക്കിന് പക്ഷെ ബാറ്റിംഗില്‍ കാര്യമായ റോള്‍ ഇല്ലായിരുന്നു. അവസാന ഓവറില്‍ ക്രീസിലെത്തിയ കാര്‍ത്തിക് ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

സൂപ്പര്‍ ഫോറില്‍ വരുന്ന ഞായറാഴ്ച വീണ്ടും പാക്കിസ്ഥാനെ നേരിടേണ്ടതിനാല്‍ ഇന്ത്യ അധികം പരീക്ഷണത്തിന് മുതിരാനിടയില്ലെന്നാണ് കണക്കുകൂട്ടല്‍. കെ എല്‍ രാഹുലിന് ഫോമിലേക്ക് മടങ്ങിയെത്താന്‍ മികച്ച അവസരമായിരിക്കും നാളത്തെ മത്സരമെന്നതിനാല്‍ ഓപ്പണര്‍ സ്ഥാനത്ത് നിലനിര്‍ത്താനാണ് സാധ്യത. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജക്കൊപ്പം ടോപ് സ്കോററായെങ്കിലും ഒഴുക്കോടെയുള്ള ഇന്നിംഗ്സല്ല വിരാട് കോലിയില്‍ നിന്നും ഉണ്ടായത്. ഹോങ്കോങിനെതിരായ മത്സരം കോലിക്കും പഴയ ടച്ച് വീണ്ടെടുക്കാനുള്ള അവസരമാണ്.

പാക്കിസ്ഥാനെതിരെ നിരാശപ്പെടുത്തിയ സൂര്യകുമാര്‍ തന്നെയാവും നാലാം നമ്പറില്‍. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് അവസരം ലഭിച്ചേക്കും. ഹോങ്കോങിനെതിരെ ഫനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക്കിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവായത് കണക്കിലെടുത്ത് പന്തിനെ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്‍റ് തയാറായേക്കും.

ഹാര്‍ദ്ദിക് പാണ്ഡ്യ ആറാമതും രവീന്ദ്ര ജഡേജ ഏഴാമതും എത്തും. ഭുവനേശ്വര്‍ കുമാറും ആവേശ് ഖാനും അര്‍ഷദീപ് സിങും പേസര്‍മാരായി തുടരുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്.

ഹോങ്കോങിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം: Rohit Sharma(c),KL Rahul,Virat Kohli,Suryakumar Yadav,Rishabh Pant/ Dinesh Karthik (wk),Hardik Pandya,Ravindra Jadeja,Bhuvneshwar Kumar,Avesh Khan,Yuzvendra Chahal,Arshdeep Singh.

LEAVE A REPLY

Please enter your comment!
Please enter your name here