ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി! ആവേശച്ചൂടില്‍ ആരാധകര്‍; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിലെ അഞ്ച് മികച്ച നിമിഷങ്ങള്‍ ഇതാ-വീഡിയോ

0
334

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഓഗസ്റ്റ് 28ന് നടക്കുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ആരു ജയിക്കുമെന്ന പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. തങ്ങളുടെ ടീമുകള്‍ ജയിക്കുമെന്ന വാദവുമായി ഇരുപക്ഷത്തെയും ആരാധകര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വാക്‌പോരും കനക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പ് നടക്കുന്നതെന്നതാണ് ഇത്തവണ ശ്രദ്ധേയം. ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച അഞ്ച് ഇന്ത്യ-പാക് പോരാട്ടങ്ങളുടെ മത്സരഫലം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം.

1. 2010ല്‍ ഹര്‍ഭജന്‍ ഫിനിഷറായ നിമിഷം

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരം നടന്നത് 2010ലായിരുന്നു. മത്സരത്തിന്റെ അവസാനം വരെ ആവേശം നിലനിന്നിരുന്നു. അന്ന് ഗൗതം ഗംഭീറും കമ്രാന്‍ അക്മലും തമ്മിലുണ്ടായ വാക്കേറ്റം ഇപ്പോഴും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഒടുവില്‍ പ്രശ്‌നപരിഹാരത്തിന് അമ്പയര്‍ ബില്ലി ബൗഡന് ഇടപെടേണ്ടി വന്നു. ഹര്‍ഭജന്‍ സിങ് മത്സരത്തിന്റെ അവസാന പന്തില്‍ സിക്‌സറടിച്ച് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കുകയായിരുന്നു.

2. 2012-ഏഷ്യാ കപ്പിലെ സച്ചിന്റെ അവസാന മത്സരം

2012ലെ ഇന്ത്യ-പാക് ഏഷ്യാകപ്പ് പോരാട്ടം ആരാധകര്‍ അല്‍പം സങ്കടത്തോടെയാണ് കണ്ടത്. കാരണം, ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഏഷ്യാ കപ്പിലെ അവസാന മത്സരമായിരുന്നു അത്. 331 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യയ്ക്ക് വേണ്ടി സച്ചിന്‍ 48 പന്തില്‍ 52 റണ്‍സ് നേടി ആ രംഗം അവിസ്മരണീയമാക്കി. 142 പന്തില്‍ 183 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് അന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്.

3. ഷാഹിദ് അഫ്രീദി ഇന്ത്യയെ വിറപ്പിച്ച 2014

2014ല്‍ മിര്‍പൂരില്‍ നടന്ന ഏഷ്യാ കപ്പ് പോരാട്ടം ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. ഷാഹിദ് അഫ്രീദിയുടെ പോരാട്ടവീര്യമാണ് അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 18 പന്തില്‍ 34 റണ്‍സാണ് അന്ന് അഫ്രീദി നേടിയത്.

4. 2016-മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവ്

2016-ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇടംകൈയ്യൻ പേസർ മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവിലൂടെ ഓർമ്മിക്കപ്പെടുന്നതാണ്.

അഞ്ച് വര്‍ഷത്തെ വിലക്കിനു ശേഷം ആമിര്‍ തിരിച്ചെത്തിയത് ഈ മത്സരത്തിലൂടെയാണ്. രോഹിത് ശര്‍മ, രഹാനെ, സുരേഷ് റെയ്‌ന എന്നിവരെ പുറത്താക്കി ആമിര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, 49 പന്തില്‍ 51 റണ്‍സ് നേടിയ കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു.

17.3 ഓവറില്‍ 83 റണ്‍സിന് പാകിസ്ഥാനെ പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടി. 15.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

5. 2018-ഇന്ത്യയുടെ സമ്പൂര്‍ണ മേധാവിത്തം

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സ് എന്ന വിജയലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. 100 പന്തില്‍ 113 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ 119 പന്തില്‍ 111 റണ്‍സ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here