എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ; രാജ്യത്തെ ടോൾ പ്ലാസ മുക്തമാക്കുമെന്ന് കേന്ദ്രം

0
315

ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റവും (ജി.പി.എസ്) മറ്റ് അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ച് നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ എല്ലാ പഴയ വാഹനങ്ങളിലും പുതിയ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനുള്ള പദ്ധതിയിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമായി പഴയ വാഹനങ്ങളിലും പുതിയ ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി) സ്ഥാപിക്കുമെന്നാണ് ഇപ്പോൾ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്.എസ്.ആര്‍.പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. ദേശീയ പാതകളില്‍ ടോള്‍ പ്ലാസകളില്‍ ടോള്‍ നല്‍കുന്നതിന് പകരം വാഹനങ്ങള്‍ ഓടുന്ന ദൂരത്തിന് മാത്രം ടോള്‍ ഈടാക്കുന്ന പദ്ധതിയാണ് കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

‘ടോള്‍ പ്ലാസകളിൽ വാഹനങ്ങള്‍ വരി നില്‍ക്കുന്ന സാഹചര്യം ഒഴിവാകുന്നതോടെ ഇന്ധനച്ചെലവും മലിനീകരണവും കുറയുകയും ജനങ്ങള്‍ക്ക് സമയലാഭം ഉണ്ടാവുകയും ചെയ്യും. പുതിയ സംവിധാനം അനുസരിച്ച് വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ടാണ് പണം ഈടാക്കുക. രാജ്യത്തെ 97% വാഹനങ്ങളിലും ഇതിനകം തന്നെ ഫാസ്ടാഗ് ഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കക്ക് തുല്യമാക്കും’ –നിതിന്‍ ഗഡ്കരി പറഞ്ഞു.

നിലവിൽ 60 കിലോമീറ്റർ അകലത്തിലാണ് ഹൈവേകളിൽ ടോൾ പ്ലാസകൾ ഉള്ളത്. കുറഞ്ഞ ദൂരം സഞ്ചരിക്കുന്നതിനുപോലും ആളുകൾക്ക് മുഴുവൻ ചാർജും നൽകേണ്ടിവരുന്നുണ്ട്. ഇനിമുതൽ നിങ്ങൾ 30 കിലോമീറ്റർ മാത്രമേ ഹൈവേ ഉപയോഗിക്കുന്നുള്ളൂവെങ്കിൽ, പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിങ്ങളിൽ നിന്ന് പകുതി പണം മാത്രമേ ഈടാക്കൂ- ഗഡ്കരി പറഞ്ഞു.

എച്ച്.എസ്.ആര്‍.പി നമ്പര്‍ പ്ലേറ്റുകള്‍

നിര്‍ദ്ദേശിക്കപ്പെട്ട അളവിലും ഫോണ്ടിലും നിറത്തിലുമായിരിക്കും എച്ച്.എസ്.ആര്‍.പി നമ്പര്‍ പ്ലേറ്റ്. റസ്റ്റ് പ്രൂഫ് അലുമിനിയം ബേസ് പ്ലേറ്റുകളുപയോഗിച്ച് നിര്‍മിക്കുന്ന നമ്പര്‍ പ്ലേറ്റുകളുടെ കോണുകള്‍ അർധ വൃത്താകൃതിയിലായിരിക്കും. വശങ്ങളില്‍ പ്രതിഫലിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ‘India’ എന്ന് പ്രിന്റ് ചെയ്തിരിക്കും. വ്യക്തവും വര്‍ഷങ്ങളോളം നിലനില്‍ക്കുന്നതുമായ രീതിയിലായിരിക്കും നമ്പര്‍ പഞ്ച് ചെയ്യുക.

നാഷനല്‍ ഐഡി, ഹോളോഗ്രാം എന്നിവയും ഇന്ത്യന്‍ മുദ്രയോട് കൂടിയതാണ്. ട്രാക്കിങ്ങിനും ട്രേസിങ്ങിനും സഹായിക്കുന്ന ലേസര്‍ ഐഡിയും മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളില്‍ വ്യത്യസ്തമായി മുദ്രണം ചെയ്തിരിക്കുന്നു. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സ്‌നാപ് ലോക്ക് രീതിയില്‍ ഘടിപ്പിക്കുന്നതിനാല്‍ പെട്ടെന്ന് അഴിച്ചുമാറ്റാനോ ഘടിപ്പിക്കാനോ സാധിക്കില്ല. ഇത് വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കും.

ടൂ വീലര്‍ ഒഴികെ വിന്‍ഡ് ഷീല്‍ഡുള്ള എല്ലാ വണ്ടികളിലും തേര്‍ഡ് ലൈസന്‍സ് പ്ലേറ്റ് വേണമെന്നതും എച്ച്.എസ്.ആര്‍.പിയുടെ ഭാഗമാണ്. മുന്നിലും പിന്നിലും പഞ്ച് ചെയ്ത നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്നതുപോലെ തന്നെ ഗ്ലാസിലും ഇത്തരത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള നമ്പര്‍ പ്ലേറ്റ് ഒട്ടിച്ചിരിക്കണമെന്നതാണ് ചട്ടം. AIS 159 നിലവാരത്തിലുള്ളവയാണ് ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here