ദോഹ: ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയം. 80000 പേരെ ഉള്‍ക്കൊള്ളാനാകുന്നതാണ് ലുസെയ്ല്‍ സ്‌റ്റേഡിയം. 11ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യൂഎസ്എല്‍) മത്സരത്തിനാണ് ലുസെയ്ല്‍ വേദിയാകുന്നത്.
11ന് വൈകിട്ട് 7.40ന് അല്‍ അറബിയും അല്‍ റയാനും തമ്മിലുള്ള മത്സരത്തിനാണ് ലോകകപ്പ് ഫൈനല്‍ വേദിയായ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. അല്‍ അറബി ആദ്യ റൗണ്ടില്‍ ഖത്തര്‍ എസ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്. അല്‍ ഷമാലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ദ ലയണ്‍സ് എന്ന അല്‍ റയാന്‍ 11ന് അല്‍ അറബിയെ നേരിടാനൊരുങ്ങുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ വര്‍ണാഭമായ വെടിക്കെട്ട് പ്രദര്‍ശനവും ആരാധകര്‍ക്ക് ദൃശ്യവിരുന്നേകും. ലോകകപ്പിന് തൊട്ടുമുമ്പുള്ള പരീക്ഷണ മത്സരം കൂടിയാണ് ലുസെയ്‌ലിനിത്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇവിടെ സെപ്തംബര്‍ 9ന് ലുസെയ്ല്‍ സൂപ്പര്‍ കപ്പ് മത്സരവും നടക്കും. സൗദി പ്രോ ലീഗ് ചാമ്പ്യന്‍മാരും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗും തമ്മിലാണ് സൂപ്പര്‍ കപ്പ് പോരാട്ടം.