ഇർഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ സംസ്കരിച്ചു; മരണത്തിൽ വ്യക്തത തേടി അന്വേഷണ സംഘം

0
212

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. വടകര ആര്‍ ഡി ഒയുടെ  നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണ്ണക്കടത്തു സംഘം ഇടനിലക്കാരനെയും തടവിലാക്കി മർദിച്ചതിന്‍റെ ചിത്രങ്ങള്‍ ലഭിച്ചു. അതിനിടെ ഖത്തറില്‍ നിന്ന് നാദാപുരത്ത് എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നു.

കാണാതായ ദീപക്കിന്‍റെ മൃതദേഹമെന്ന് കരുതിയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹം സംസ്ക്കരിച്ചത്. മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥീരീകരണം വന്നതോടെ മൃതദേഹാവശിഷ്ടം വിട്ടുനല്‍കണമെന്ന് ഇർഷാദിന്റെ കുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്ന് മേപ്പയ്യൂരിലെ ദീപക്കിന്‍റെ വീട്ടുവളപ്പിലെത്തിയ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങൾ കൈമാറി.

വടകര ആര്‍ഡിഒയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു. മൃതദേഹാവശിഷ്ടം പിന്നീട് ആവടുക്ക ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്ക്കരിച്ചു. അതേ സമയം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ദുബൈയില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി ജസീലിന്‍റെ ചിത്രങ്ങള്‍ പുറത്തു വന്നു. ഇര്‍ഷാദിനെ കേസിലെ പ്രധാന പ്രതി നാസറുമായി ബന്ധപ്പെടുത്തിയത് ജസീലെന്നാണ് പോലീസിന് കിട്ടിയ വിവരം. ജസീല്‍ ഇപ്പോഴും നാസറിന്‍റെ കസ്റ്റഡിയിലെന്നാണ് സൂചന.

ഇര്‍ഷാദിന്‍റെ  മരണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇർഷാദിന്റേത് മുങ്ങി മരണമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ്ധനുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തും. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ല.

ഇതിനിടയിലാണ് നാദാപുരത്ത് വിദേശത്ത് നിന്നും വന്നയാളെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. ഖത്തറില്‍ നിന്നും കഴിഞ്ഞ മാസം 20ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ചാലപ്രം സ്വദേശി അനസിനെയാണ് കാണാതായത്. അനസിന്റെ മാതാവ് സുലൈഖ പൊലീസിൽ പരാതി നല്‍കി. വിദേശത്തു നിന്നും അനസ് കൊണ്ടു വന്ന സാധനം തിരികെ വേണമെന്നാവശ്യപ്പെട്ട് ചിലര്‍ വീട്ടിലെത്തിയതായും ഇവര്‍ പറഞ്ഞു. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വര്‍ണ്ണക്കടത്ത് ഇടപാടുകളാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിച്ചു വരുന്നതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here