ഒരു വ്യക്തിയുടെ പരിമിതികള്‍ ആരാണ് നിശ്ചയിക്കുന്നത്? ഉയരം, നിറം, ശരീര ഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ച് കാണുന്ന അല്ലെങ്കില്‍ വില കുറച്ച് കാണുന്ന ഒരു പ്രവണത ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും ഈ പ്രവണതയുണ്ട്. ഇത് കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്.
ടുണീഷ്യയില്‍ അടുത്തിടെ ഒരു യുവതിയുടെ കല്യാണം മുടങ്ങിയതും ഇതിനെ പേരില്‍ തന്നെ. തന്റെ നാല് വര്‍ഷത്തെ പ്രണയം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ലാമിയ അല്‍-ലബാവി. അന്ന് അവളുടെ വിവാഹമായിരുന്നു. ലക്ഷങ്ങള്‍ ചിലവിട്ട് അവള്‍ തന്റെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി. ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. വെളുത്ത വസ്ത്രം ധരിച്ച് സുന്ദരിയായി അവള്‍ വരന്റെ സമീപം വന്ന് നിന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അവള്‍ക്ക് അത്. എന്നാല്‍ അവളുടെ എല്ലാം സന്തോഷവും വീണുടഞ്ഞത് പെട്ടെന്നായിരുന്നു.
അവളുടെ അമ്മായിഅമ്മ അന്നാണ് അവളെ ആദ്യമായി കണ്ടത്. അവളുടെ രൂപം അമ്മായിഅമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ഇരുകൈയും നീട്ടി തന്നെ സ്വീകരിക്കുമെന്ന് കരുതിയ അവള്‍ക്ക് എന്നാല്‍ തെറ്റിപ്പോയി. വരനും വധുവും താലി കെട്ടാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് അമ്മായിഅമ്മ അതിനിടയിലേയ്ക്ക് നടന്ന് അടുത്തത്. ഇത്രയധികം ആളുകള്‍ നോക്കി നില്‍ക്കെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ മകനോട് ആവശ്യപ്പെട്ടു. എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കാതെ ആളുകള്‍ ആശയക്കുഴപ്പത്തിലായി. ‘ഇവള്‍ക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല,’ എല്ലാവരും നോക്കി നില്‍ക്കെ അമ്മായി അമ്മ ഉറക്കെ പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്‍പില്‍ അവള്‍ നിന്ന് ഉരുകി. തന്റെ മകനെ വിവാഹം ചെയ്യാന്‍ അവള്‍ യോഗ്യയല്ലെന്നും അമ്മായമ്മ പറഞ്ഞു. ഇതും കൂടിയായപ്പോള്‍ അവള്‍ ആകെ തകര്‍ന്നു.
തന്റെ മകന് ഒരു പ്രണയമുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെങ്കിലും, വിവാഹദിവസമാണ് ലാമിയയെ നേരിട്ട് ആദ്യമായി കാണുന്നത്. അവളുടെ ചിത്രങ്ങള്‍ മാത്രമാണ് അതിന് മുന്‍പ് അവര്‍ കണ്ടിരുന്നത്. അവളെ നേരിട്ട് കണ്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. മരുമകളെ കുറിച്ചുളള അവരുടെ പ്രതീക്ഷകള്‍ തെറ്റി. അവര്‍ ആകെ നിരാശയായി. ഇതോടെ വിവാഹം നിര്‍ത്തി വയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതില്‍ ആളുകളെ ഏറ്റവും ഞെട്ടിച്ചത് വരന്റെ പ്രതികരണമായിരുന്നു. അയാളും അമ്മയെ എതിര്‍ത്ത് ഒരക്ഷരം മിണ്ടിയില്ല. പലരും അയാളോട് അവളെ ഉപേക്ഷിക്കരുത് എന്ന് അപേക്ഷിച്ചുവെങ്കിലും അയാള്‍ ചെവികൊണ്ടില്ല. അയാള്‍ അമ്മയുടെ ഭാഗം ചേര്‍ന്ന് അവളെ ഉപേക്ഷിക്കാന്‍ തുനിഞ്ഞു. ലാമിയയുടെ സ്വപ്നങ്ങള്‍ മാത്രമല്ല ഹൃദയവും തകര്‍ന്ന് തരിപ്പണമായി. അയാള്‍ ലാമിയയെ ഉപേക്ഷിച്ച് അമ്മയോടൊപ്പം പോയി.
സംഭവം പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അവളെ പിന്തുണച്ച് നിരവധി പേര്‍ മുന്നോട്ട് വന്നു. ഒരിക്കലും അയാളുടെ മുന്നില്‍ തല കുനിക്കരുതെന്നും, തല ഉയര്‍ത്തി തന്നെ ജീവിക്കണമെന്നും ആളുകള്‍ അവളോട് പറഞ്ഞു. ആളുകളുടെ ഈ പിന്തുണയും, നല്ല വാക്കുകളും തന്റെ മനസ്സിനെ സ്പര്‍ശിച്ചുവെന്നും, എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നുവെന്നും ലാമിയ അടുത്തിടെ ഒരു വീഡിയോവില്‍ പറഞ്ഞു.