ഇതര മതക്കാരിയായ പെൺകുട്ടിയോട് സംസാരിച്ച കോളജ് വിദ്യാർഥിക്ക് ക്രൂര മർദനം

0
300

മംഗളൂരു: ഹിന്ദു മതത്തിൽപെട്ട വിദ്യാർഥിനിയുമായി കോളജ് കാമ്പസിൽ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വർഷ വിദ്യാർഥിയും ജാൽസൂർ സ്വദേശിയുമായ പൈഞ്ചാർ വീട്ടിൽ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.

കോളജിലെ വിദ്യാർഥിയായ പെൺകുട്ടിയോട് സനിഫ് ഏറെനേരം സംസാരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഏതാനും വിദ്യാർഥികൾ ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തന്നെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

പെൺകുട്ടിയോട് സംസാരിച്ചതിനെ കുപ്പായക്കോളറിൽ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു. ബി.ബി.എ അവസാന വർഷ വിദ്യാർഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വൽ, ബികോം അവസാന വർഷ വിദ്യാർഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വർഷ വിദ്യാർഥി അക്ഷയ്, എൻ.എം.സി കോളജിലെ ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.

നിലത്തിട്ട് ചവിട്ടുകയും ജീവൻ വേണമെങ്കിൽ പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നൽകുകയും ചെയ്തുവത്രെ. മർദനമേറ്റ പാടുകളോടെ വീട്ടിലെത്തിയ വിദ്യാർഥിയെ ബന്ധുക്കളാണ് സുള്ള്യ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here